X

മുല്ലപ്പള്ളിയും സംഘവും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കെ.പി.സി.സിയുടെ നേതൃനിരയിലെ പുതിയ നേതാക്കളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കെ.പി.സി.സി അധ്യക്ഷനും, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, കെ.മുരളീധരന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ തുടങ്ങിയവരാണ് രാഹുലിനെ കണ്ടത്. പനിയായിരുന്നതിനാല്‍ എം.ഐ.ഷാനവാസ് എത്തിയില്ല.

കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി തങ്ങളിൽ വലിയ വിശ്വാസമാണ്​ അർപ്പിച്ചിരിക്കുന്നതെന്ന്​ മുല്ലപ്പള്ളി പറഞ്ഞു. രാഹുൽഗാന്ധിയെ സനദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്നും എന്നാല്‍ ബിഷപ്പിന്റെ അറസ്റ്റിന്റെ പേരില്‍ ക്രൈസ്തവ സഭയെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും മതേതര ജനാധിപത്യ നയങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി സര്‍ക്കാരിന്റെ അഴിമതി മുഖ്യ വിഷയമാക്കണമെന്നും രാഹുല്‍ നിര്‍ദ്ദേശിച്ചതായി മുല്ലപ്പള്ളി വ്യക്തമാക്കി.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം കരസ്ഥമാക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച മുല്ലപ്പള്ളി, കോണ്‍ഗ്രസ് ശക്തമായി തിരിച്ചു വരണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.

chandrika: