X

രാജസ്ഥാന് പിന്നാലെ മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലും ഉജ്ജ്വല വിജയം; മാറ്റം നമ്മുടെ വാതിലില്‍ മുട്ടാന്‍ തുടങ്ങിയിരിക്കുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജസ്ഥാന് പിന്നാലെ മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേടിയ ഉജ്ജ്വല വിജയത്തില്‍ പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും അഭിനന്ദിച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ അഹങ്കാരത്തിനും ദുര്‍ഭരണത്തിനുമുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആദ്യം രാജസ്ഥാന്‍, ഇപ്പോള്‍ മധ്യപ്രദേശ്. മാറ്റം നമ്മുടെ വാതിലില്‍ മുട്ടാന്‍ തുടങ്ങിയിരിക്കുന്നു-എന്നിങ്ങനെയായിരുന്നു രാഹുലിന്റെ ട്വീറ്റ്. കോണ്‍ഗ്രസില്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ടെന്നും ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

വോട്ടെടുപ്പ് നടന്ന മുംഗോളിയില്‍ 2124 വോട്ടുകള്‍ക്കും കോലറാസില്‍ 8083 വോട്ടുകള്‍ക്കുമാണ് കോണ്‍ഗ്രസ് ബി.ജെ.പിയെ പരാജയപ്പെടുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനെ നയിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യക്കും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമിടയിലുള്ള അഭിമാനപ്പോരാട്ടമായിരുന്നു ഉപതെരഞ്ഞെടുപ്പ്. 15 വര്‍ഷമായി ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.

നേരത്തെ രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്നു സീറ്റുകളിലും ബി.ജെ.പി തോറ്റിരുന്നു. രാജസ്ഥാനിലേത് ബി.ജെ.പിയുടെ ചരിത്ര തോല്‍വിയായിരുന്നു. 40 വര്‍ഷത്തെ ചരിത്രത്തിനിടെ ഇതാദ്യമായാണ് കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരിക്കുന്ന ഒരു പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. മധ്യപ്രദേശി്ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്.

chandrika: