കെ.എസ്. മുസ്തഫ
കല്‍പ്പറ്റ: വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ മകന്‍ കൊല്ലപ്പെട്ടതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ മാതാവ് ഹലീമ. വര്‍ഷങ്ങളായി മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് താമസിക്കുന്ന വൃദ്ധയായ തനിക്ക് വയനാട്ടില്‍ നടന്ന വെടിവെപ്പിനെ കുറിച്ച് എന്ത് തെളിവ് നല്‍കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ കൊലയെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി വയനാട് കലക്ട്രേറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ ജില്ലാകലക്ടറോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ കുടുംബങ്ങളായി ജീവിക്കുന്ന ബന്ധുക്കളെയാണ് കലക്ട്രേറ്റില്‍ വിളിച്ചുവരുത്തിയത്. ഇവരെല്ലാം മകന്‍ മരിച്ചതിന് ശേഷം മാത്രമാണ് സംഭവം അറിയുന്നത്. തങ്ങള്‍ വന്നില്ലെങ്കില്‍ അക്കാരണം കൊണ്ട് മാത്രം അന്വേഷണം നിലച്ചേക്കാമെന്ന ഭയം കൊണ്ടാണ് തെളിവെടുപ്പിനെത്തിയതെന്നും അവര്‍ പറഞ്ഞു. ജലീല്‍ വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ വയനാട് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ മജിസ്റ്റീരിയല്‍ ആരംഭിച്ച അന്വേഷണത്തില്‍ തെളിവെടുപ്പിനെത്തിയതായിരുന്നു അവര്‍. ഹലീമ അടക്കം കുടുംബത്തിലെ ഒമ്പത് പേരാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി കലക്ടര്‍ മുമ്പാകെ തെളിവെടുപ്പിന് മുമ്പാകെ ഹാജരായത്. ലഹോദരങ്ങളായ സി.പി. റഷീദ്, സി.പി.ജിഷാദ്, അന്‍സാര്‍, ഷെരീഫ, ബന്ധു നഹാസ്, അബ്ദുള്‍ അസീസ്, സഹോജരങ്ങളുടെ ഭാര്യമാരായ പുഷ്പലത, നൂര്‍ജഹാന്‍, സഹോദരിയുടെ ഭര്‍ത്താവ് വിനോദ്, വിനോദിന്റെ പിതാവ് വേലുക്കുട്ടി എന്നിവരുമാണ് വെവ്വേറെ മൊഴി നല്‍കിയത്. ആകെ പതിനാല് പേരോടാണ് ഹാജരാകാന്‍ കലക്ടര്‍ നോട്ടീസയച്ചത്. പൂനെ ജയിലില്‍ കഴിയുന്ന സഹോദരന്‍ സി.പി. ഇസ്മായിലും ഏറെ നാളായി കാണാനില്ലാത്ത മറ്റൊരു സഹോദരന്‍ സി.പി. മൊയ്തീനും അടക്കം അഞ്ച് പേര്‍ ഹാജരായില്ല. കലക്ടര്‍ സൗഹാര്‍ദ്ദപരമായാണ് തെളിവെടുപ്പും മൊഴിയെടുക്കലും നടത്തിയതെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. കൊലകള്‍ ആഘോഷിക്കപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഉള്ളപ്പോള്‍ ഒരു കലക്ടര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടന്നും തന്നെ ആ ജീവനാന്തം തുറങ്കിലടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി സംശയമുണ്ടന്നെന്നും സഹോജരന്‍ സി.പി റഷീദ് പറഞ്ഞു.
അതേസമയം, ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ജലീലിന്റെ സഹോദരന്‍ സി പി റഷീദ് കല്‍പ്പറ്റ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. ഇതോടെയാണ് ഏതാണ്ട് നിലച്ച മട്ടിലായ മജിസ്റ്റീരിയല്‍ അന്വേഷണം പുനരാരംഭിച്ചതെന്ന ആരോപണമുയരുന്നുണ്ട്. കോടതിയില്‍ കേസെത്തിയതിന്റെ രണ്ടാം ദിവസമാണ് കുടുംബാംഗങ്ങള്‍ക്ക് തെളിവെടുപ്പിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ജില്ലാകലക്ടര്‍ സമന്‍സ് അയച്ചത്. ജലീലിന്റെ സഹോദരങ്ങളെയും അവരുടെ ഭാര്യമാരെയും, സഹോദരി ഭര്‍ത്താക്കന്മാരെയും അവരുടെ പിതാക്കളെയുമടക്കം തെളിവെടുപ്പിനായി വിളിച്ചപ്പോഴും വെടിവെപ്പ് നടന്ന റിസോര്‍ട്ടിലെ ജീവനക്കാരെയോ, വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെയോ തെളിവെടുപ്പിന് വിളിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
- 6 years ago
chandrika
Categories:
Video Stories