ന്യൂഡല്‍ഹി: ചരിത്രപ്രധാനമായ കൊറിയന്‍ ഉച്ചകോടിയില്‍ ഇരു കൊറിയകള്‍ തമ്മില്‍ സമാധാനത്തിനായി കൈകോര്‍ത്തതിനു പിന്നാലെ പോലെ ഇന്ത്യയും പാകിസ്താനും യോജിപ്പിലെത്തണമെന്ന് ആവശ്യം ഉന്നയിച്ച് പാക് മാധ്യമങ്ങള്‍ രംഗത്ത്. പാക്‌സതാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്നുമുള്ള ഡോണ്‍, ഡെയ്ലി ടൈംസ് തുടങ്ങിയ മാധ്യമങ്ങളാണ് ഇന്ത്യയും പാകിസ്താനും സമാധാനത്തിനായി കൈകോര്‍ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്താനും ശ്രമിക്കണം. പരസ്പരമുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കാനും രാജ്യങ്ങള്‍ക്കിടിയില്‍ സമാധാനം കൊണ്ടുവരാനും സ്ഥിതിഗതികള്‍ സാധാരണഗതിയിലാക്കാനുമുള്ള മാര്‍ഗങ്ങള്‍ ഇരുരാജ്യങ്ങളും കണ്ടെത്തണമെന്നും ഡോണ്‍ ദിനപത്രം ആവശ്യപ്പെട്ടു. ചരിത്രം, സ്വപ്നങ്ങള്‍, ജനങ്ങളുടെ ആവശ്യങ്ങള്‍ അങ്ങനെ എല്ലാം പ്രദേശത്തെ സമാധാനത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നു ഡോണിലെ ലേഖനം പറയുന്നു.
വ്യത്യസ്തവും അസാധാരണവുമായ ചരിത്രങ്ങളാണ് ഇന്ത്യക്കും പാകിസ്താനുമിടയിലുള്ളത്. അതേസമയം കൊറിയകള്‍ പുന സംഘടിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. എന്നിരിക്കെ സാംസ്‌കാരികമായും മറ്റും സാമ്യതകള്‍ നിലനില്‍ക്കുന്നതും പൊതുവായ ചരിത്രവും സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറഞ്ഞ ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഇന്ത്യയിലെയും പാകിസ്താനിലെയും ഈ മേഖലയില്‍ യോജിപ്പിന്റെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടില്ലാതെ സാധിക്കുമെന്നും, പാകിസ്ഥാന്‍ വാര്‍ത്താ ഏജന്‍സിയെ ഉദ്ദരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ആയിരക്കണക്കിന് വര്‍ഷങ്ങളോളം ഇന്ത്യയും പാകിസ്താനും ഒരു രാജ്യമായിരുന്നു. 1947 ല്‍ ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെ തുടര്‍ന്ന് രണ്ടു രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടിട്ട് ഇപ്പോള്‍ 71 വര്‍ഷമായി. കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളായി ഇരു രാജ്യങ്ങളും പലതരത്തിലുള്ള വൈരുദ്ധ്യങ്ങളെയും തര്‍ക്കങ്ങളേയും തുടര്‍ന്ന പ്രക്ഷുബ്ധമാണ്. 1965, 1971, 1999 വര്‍ഷങ്ങളിലായി യുദ്ധങ്ങളും നടന്നിട്ടുണ്ട്.