മഹാരാഷ്ട്രയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ അതേകയറില്‍ പിതാവും ജീവനൊടുക്കി. മഹാരാഷ്ട്ര നന്ദേഡിലെ മിനാകി ഗ്രാമത്തിലാണ് സംഭവം.
പത്താംക്ലാസ് വിദ്യാര്‍ഥിയായാ ഓംകാറിനെയാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്ന ഓംകാര്‍ അവധിക്ക് വീട്ടിലെത്തിയ സമയം പഠനാവശ്യത്തിനായി തനിക്ക് സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന് വീട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാവപ്പെട്ട കര്‍ഷക കുടുംബത്തിന് ഫോണ്‍ വാങ്ങാനുള്ള സാമ്പത്തിക നിലയുണ്ടായിരുന്നില്ല.
കൃഷിക്കായി എടുത്ത വായ്പ പോലും തിരിച്ചടക്കാന്‍ നിര്‍വാഹമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും അതിനാല്‍ ഫോണ്‍ വാങ്ങാന്‍ കഴിയില്ലെന്നും പിതാവ് കുട്ടിയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച വീട്ടില്‍ നിന്നിറങ്ങിയ ഓംകാര്‍ തിരികെയെത്തിയില്ല. തുടര്‍ന്നുള്ള തിരച്ചിലിലാണ് കൃഷിയിടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടത്തിയത്. മകന്റെ മൃതദേഹം മരത്തില്‍ നിന്ന് താഴെയിറക്കിയ പിതാവ് അതേ കയറില്‍ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.