അബുദാബി: ഇന്ന് വീണ്ടും ഇന്ത്യ. തായ്‌ലന്‍ഡിനെതിരായ ആദ്യ മല്‍സരത്തില്‍ ഇറങ്ങിയത് ജയിക്കാനായിരുന്നെങ്കില്‍ ഇന്ന് യു.എ.ഇക്കെതിരെ ഛേത്രിയും സംഘവും ഇറങ്ങുന്നത് സമനിലക്കായാണ്. ഏഷ്യാകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ ഇന്ത്യക്കാവശ്യം ഒരു പോയിന്റാണ്. ആദ്യ മല്‍സരത്തില്‍ 4-1 ന്റെ തകര്‍പ്പന്‍ വിജയം വഴി ടീം ഇപ്പോള്‍ ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനത്താണ്. ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റ്. ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ഇന്ന് തോല്‍ക്കാതിരുന്നാല്‍ പോയിന്റ് സമ്പാദ്യം നാലാവും.
ഗ്രൂപ്പില്‍ രണ്ടാം സ്ഥാനമോ അതല്ലെങ്കില്‍ മികച്ച മൂന്നാം സ്ഥാനമോ ഉറപ്പിക്കാന്‍ ഇത് ധാരാളം. പക്ഷേ ആദ്യ മല്‍സരതില്‍ ബഹറൈന് മുന്നില്‍ ഭാഗ്യത്തിന് രക്ഷപ്പെട്ടവരാണ് കാമിസ് ഇസ്മായില്‍ സായിദിന്റെ യു.എ.ഇ. ഒരു കളിയില്‍ നിന്നും ആകെ സമ്പാദ്യം ഒരു പോയിന്റാണ്. ഇന്ത്യയെ തോല്‍പ്പിച്ചാല്‍ മാത്രമാണ് ടീമിന് സാധ്യത. ഫിഫയുടെ റാങ്കിംഗ് നോക്കിയാല്‍, നിലവിലെ ടീമുകളുടെ പ്രകടനം നോക്കിയാല്‍ യു.എ.ഇക്ക് സാധ്യതയുണ്ടെന്നത് സത്യം. പക്ഷേ തായ്‌ലന്‍ഡ് വലയില്‍ നാല് ഗോളുകള്‍ നിക്ഷേപിച്ചവരാണ് ഇന്ത്യ. ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമല്ലെന്നാണ് യു.എ.ഇ കോച്ച് ആല്‍ബെര്‍ട്ടോ സക്കറോണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇന്ത്യന്‍ കോച്ചിന് അമിതാവേശമില്ല. ചാമ്പ്യന്‍ഷിപ്പിലെ രണ്ടാമത് മല്‍സരം. അതിന്റെ പ്രാധാന്യത്തില്‍ തന്നെ കാണുന്നു. ആദ്യ മല്‍സരത്തിലെ വിജയം വഴി ഞങ്ങള്‍ സുരക്ഷിതരാണ് എന്ന ബോധമൊന്നുമില്ല. ഇത് മറ്റൊരു മല്‍സരമായി കണ്ട് ജയത്തിനായി കളിക്കും. ആദ്യ മല്‍സരത്തില്‍ നിന്നും വിത്യസ്തമായി കോച്ച് കാണുന്ന ഒരു കാര്യം താരങ്ങളെല്ലാം ചാമ്പ്യന്‍ഷിപ്പുമായി പൊരുത്തപ്പെട്ടതാണ്. തായ്‌ലാന്‍ഡിനെതിരെ ആദ്യ 15-20 മിനുട്ട് ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ആ സമയത്ത്് ഗോള്‍ വീണിരുന്നെങ്കില്‍ അപകടമാവുമായിരുന്നു. ഇപ്പോള്‍ എല്ലാവരും ആവേശഭരിതരാണ്. പക്ഷേ ജയിക്കാത്തപക്ഷം കാര്യങ്ങള്‍ അപകടത്തിലാവുമെന്ന മുന്നറിയിപ്പ് യു.എ.ഇ കോച്ച്താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.