ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് ഭേദമായ 13 വയസുകാരന് അപൂര്‍വ മസ്തിഷ്‌ക രോഗം. കോവിഡ് ഭേദമായവരില്‍ ഇത് കര്‍ണാടകയില്‍ ആദ്യത്തേതും രാജ്യത്ത് രണ്ടാമത്തേതും കേസാണ്. അക്യൂട്ട് നെക്രോടൈസിംഗ് എന്‍സെഫലോപ്പതി ഓഫ് ചൈല്‍ഡ്ഹുഡ് (എഎന്‍ഇസി) രോഗം ബാധിച്ചതായിട്ടാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടിയുടെ തലച്ചോര്‍ പ്രവര്‍ത്തനരഹിതമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. പിന്നാലെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. മൂന്നു ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചികില്‍സയ്ക്ക് വലിയ തുക ആവശ്യമാണെന്നും അധികൃതര്‍ പറയുന്നു. 75,000 മുതല്‍ ഒരു ലക്ഷം രൂപ വരെ വില വരുന്ന ഇന്‍ജക്ഷനാണ് എടുക്കുന്നത്. കഴിഞ്ഞ എട്ടു ദിവസമായി കുട്ടി ആശുപത്രിയിലാണ്.