ലക്‌നോ: ഏഴ് ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതുതായി പുറത്തിറക്കിയ ഔദ്യോഗിക ടൂറിസ്റ്റ് പട്ടികയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ താജ്മഹലിനെ ഉള്‍പ്പെടുത്തിയില്ല. യു.പി ടൂറിസം വകുപ്പാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചും ചരിത്ര സ്മാരകങ്ങളെക്കുറിച്ചും വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബുക്ക്‌ലെറ്റ് പുറത്തിറക്കിയത്.
ഗംഗാ ആരതിയാണ് കവര്‍ ചിത്രം. വരാണസി, ഗോരഖ്പൂരിലെ ഗോരഖ്പീഠ്, മഥുരയിലെ വൃന്ദാവന്‍, അയോധ്യ തുടങ്ങിയ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ ഏറ്റവും കൂടുതലായി എത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് താജ്മഹല്‍. പ്രതിവര്‍ഷം 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ എത്തുന്നത്. താജ്മഹലിന്റെ സംരക്ഷണത്തിന് അനുവദിച്ചിരുന്ന പ്രത്യേക തുക ആദിത്യനാഥ് റദ്ദാക്കിയിരുന്നു. ലോക പൈതൃകങ്ങളില്‍ ഒന്നായി യുനെസ്‌കോ അംഗീകരിച്ച താജ്മഹല്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങളായ അയോധ്യ, വാരാണസി, മധുര, ചിത്രകൂട് തുടങ്ങിയവയുടെ വികസനത്തിന് ഫണ്ടുകള്‍ ബജറ്റില്‍ അവതരിപ്പിച്ചിരുന്നു. മാത്രമല്ല രാമായണ സര്‍ക്യൂട്ട്, ബുദ്ധിസ്റ്റ് സര്‍ക്യൂട്ട്, കൃഷ്ണ സര്‍ക്യൂട്ട്, തുടങ്ങിയവയ്ക്കായി സ്വദേശ് ദര്‍ശന്‍ യോജന എന്ന പദ്ധതിയില്‍പെടുത്തി 1240 കോടിയാണ് അനുവദിച്ചത്. ഇതിനും പുറമെ പ്രസാദ യോജന എന്ന പേരില്‍ ഈ പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 800 കോടിയും അനുവദിച്ചു. മുഗള്‍ ഭരണകാലത്ത് ഷാജഹാന്‍ പണികഴിപ്പിച്ച താജ്മഹല്‍ ഇന്ത്യന്‍ പൗരാണിക സംസ്‌കാരത്തെ പ്രതിനിധീകരിക്കിന്നില്ലെന്നാണ് ആദിത്യനാഥിന്റെ വിശദീകരണം.