തെരഞ്ഞെടുപ്പ് കാലത്തെ കടന്നാക്രമണങ്ങള്‍ക്ക് ഒടുവില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷിത്വദിനത്തില്‍ ട്വിറ്ററിലൂടെയാണ് മോദി രാജീവ് ഗാന്ധിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത്.
‘മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍’, എന്ന് മോദി ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രിക്ക് ചേരാത്തവിധത്തിലുള്ള കടുത്ത വിമര്‍ശനങ്ങളും ആരോപണങ്ങളുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയിരുന്നത്. രാജീവ് ഗാന്ധി മരിച്ചത് ഒന്നാംനമ്പര്‍ അഴിമതിക്കാരനായാണെന്നുവരെ മോദി കുറ്റപ്പെടുത്തിരുന്നു.
ഉത്തര്‍പ്രദേശില്‍ നടത്തിയ ഒരു തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി രാജീവ് ഗാന്ധിയെ ‘ഭ്രഷ്ടാചാരി നമ്പര്‍ 1′ എന്ന് വിളിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട്, ”അനുയായികള്‍ നിങ്ങളുടെ അച്ഛനെ, മിസ്റ്റര്‍ ക്ലീന്‍ എന്നൊക്കെ വിളിച്ചേക്കാം. പക്ഷേ, അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത് ഭ്രഷ്ടാചാരി നമ്പര്‍ 1 (അഴിമതിക്കാരന്‍) എന്ന പേരുദോഷവുമായാണ്’, എന്നായിരുന്നു മോദി പറഞ്ഞത്. എന്നാല്‍ മോദിയുടെ ഈ പരാമര്‍ശം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
അതേസമയം മോദി കടന്നക്രമണം നിര്‍ത്താന്‍ തയ്യാറായിരുന്നില്ല. നാവികസേനയുടെ കപ്പല്‍ സ്വകാര്യ ആവശ്യത്തിനായി രാജീവ് ഗാന്ധി ഉപയോഗിച്ചു എന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു മോദി ഉന്നയിച്ചിരുന്നത്. രാജീവ് ഗാന്ധിയും കുടുംബവും നാവികസേനയുടെ ‘ഐഎന്‍എസ് വിരാട്’ പേഴ്‌സണല്‍ ടാക്‌സിയായി ഉപയോഗിച്ചെന്നായിരുന്നു ഗുരുതര ആരോപണം. ‘1980-കളില്‍ ലക്ഷദ്വീപില്‍ അവധിക്കാലം ആഘോഷിക്കവേ രാജീവ് ഗാന്ധിയും കുടുംബവും നാവികസേനയുടെ ഐഎന്‍എസ് വിരാട് പേഴ്‌സണല്‍ ടാക്‌സിയായി ഉപയോഗിക്കുകയായിരുന്നു’, എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. എന്നാല്‍ ഇതിനെ തള്ളിപ്പറഞ്ഞ്, അന്നത്തെ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം രംഗത്തുവരികയും ചെയ്തിരുന്നു. ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി രംഗത്തെത്തുകയും ചെയ്തു.
1991 ലെ പൊതുതെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വെച്ച് എല്‍.ടി.ടി.ഇ തീവ്രവാദികളാലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമായി പലപ്പോഴും അടയാളപ്പെടുത്തപ്പെട്ട രാജീവ് ഗാന്ധി, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. അമ്മ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടശേഷം 40-ാം വയസ്സിലാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നത്. സുവര്‍ണക്ഷേത്രം വളഞ്ഞ് പരിശോധന നടത്തിയതിന്റെ പേരില്‍ സിഖുകാരായിരുന്ന സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റാണ് 1984-ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്.
അതേസമയം രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷിത്വദിനത്തില്‍ മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ രാവിലെ വീര്‍ഭൂമിയിലെത്തി അദ്ദേഹത്തിന്റെ സ്മാരകത്തിലെത്തി ആദരമര്‍പ്പിച്ചു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി എന്നിവരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വീര്‍ഭൂമിയിലെത്തിയിരുന്നു.