X
    Categories: Sports

വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നാട്ടില്‍ തിരിച്ചെത്തി ആര്‍. അശ്വിന്‍

ചെന്നൈ: വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നാട്ടിലേക്കെത്തി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട അശ്വിന്‍ മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

”ഞാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കാന്‍ പോകുകയാണ്. ഒരുപാട് കാലം കളിക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. അശ്വിനെന്ന ക്രിക്കറ്റര്‍ അവസാനിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല. അശ്വിനെന്ന ഇന്ത്യന്‍ ക്രിക്കറ്ററുടെ കരിയര്‍ മാത്രമാണ് അവസാനിച്ചത്”

”പലര്‍ക്കും വിരമിക്കല്‍ ഒരു വൈകാരിക നിമിഷമാകും. പക്ഷേ എനിക്കിത് ആശ്വാസത്തിന്റെയും സംതൃപ്തിയുടേയും നിമിഷമാണ്”അശ്വിന്‍ പ്രതികരിച്ചു.

അനില്‍ കുംബ്ലെക്ക് ശേഷം ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറായ അശ്വിന്‍ മിക്ക മത്സരങ്ങളിലും ഇന്ത്യയുടെ രക്ഷക്കെത്തിയ താരമാണ്. 13 വര്‍ഷത്തെ ദീര്‍ഘകരിയറിലായി 537 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യക്കായി 106 ടെസ്റ്റിലും 116 ഏകദിനത്തിലും 65 ടി20യിലും താരം കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലുമായി 775 വിക്കറ്റുകള്‍ അശ്വിന്‍ നേടി.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യമത്സരത്തില്‍ അശ്വിനെ കളത്തിലിറക്കിയിരുന്നില്ല. രണ്ടാം ടെസ്റ്റില്‍ ഇടം ലഭിച്ചിരുന്നു. തുടര്‍ന്ന് മൂന്നാം മത്സരത്തില്‍ അശ്വിനെ വീണ്ടും കളത്തിലിറക്കിയില്ല. രവീന്ദ്ര ജഡേജ ഫോമിലായിരിക്കേ പേസ് ബൗളിങ്ങിനെ പിന്തുണക്കുന്ന തുടര്‍ ടെസ്റ്റുകളില്‍ കളത്തിലിറക്കില്ല എന്ന തിരിച്ചറിവിലാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. പരമ്പരയുടെ പാതിവഴിയില്‍ വെച്ച് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതില്‍ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

webdesk18: