X

പോക്‌സോ നിയമം പത്താണ്ട് പിന്നിടുമ്പേള്‍

എം. കൃഷ്ണകുമാര്‍

2012ലെ ശിശുദിനത്തിലാണ് പോക്‌സോ എന്ന പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് ഇന്ത്യയില്‍ നിലവില്‍വന്നത്. എന്നാല്‍ യാദൃച്ഛികമെന്നോണം പോക്‌സോ കേസ് ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ എ.എസ്.ഐ ഒളിവിലാണെന്ന വാര്‍ത്ത പുറത്തുവന്നതും നിയമത്തിന്റെ പതിറ്റാണ്ടു തികഞ്ഞ ദിവസത്തിലാണ്. തികഞ്ഞ ഉത്തരവാദിത്തത്തോടെ നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ നിയമ ലംഘകരാകുന്നു എന്ന അത്യന്തം ഗൗരവമാര്‍ന്ന വിഷയത്തിലേക്ക് വിരല്‍ചൂണ്ടുന്നു ഈ സംഭവം. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടികള്‍ക്ക് നിയമസംരക്ഷണവും നീതിയും ഉറപ്പാക്കാന്‍ നിയമം മൂലം തന്നെ ബാധ്യസ്ഥനായ ഉദ്യോഗസ്ഥനില്‍ നിന്നാണ് പട്ടികജാതി വിഭാഗത്തിലെ പതിനേഴുകാരിക്ക് ഉപദ്രവം നേരിടേണ്ടി വന്നിരിക്കുന്നത്. ഒറ്റപ്പെട്ട സംഭവം എന്ന പതിവ് ഭാഷ്യം ചമച്ച് പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടേയും കണ്ണില്‍ പൊടിയിട്ട് ബന്ധപെട്ടവര്‍ രക്ഷപെടുകയാണ് പതിവ്.

പൊലീസ് ആക്ടിലെ 86 (ബി) ചട്ടമനുസരിച്ച് അസാന്മാര്‍ഗികം, അക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ സേനയില്‍ നിന്നും പുറത്താക്കാം എന്ന വ്യവസ്ഥ നിലവിലിരിക്കേതന്നെ നിയമസഭയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം കേരള പൊലീസില്‍ 744 ക്രിമിനല്‍ കേസ് പ്രതികളുണ്ടെന്നും വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 18 പേരെ പിരിച്ചുവിട്ടുവെന്നതും കാണിക്കുന്നത് വേലി തന്നെ വിളവ് തിന്നുകയാണെന്നാണ്. പീഡന കേസുകളില്‍ പ്രതിയായ 65 പൊലീസുകാര്‍ നിലവില്‍ നിയമത്തിന്റെ പിടിയിലാണെന്നതും ഗൗരവമായി കാണേണ്ടതു തന്നെയാണ്. പക്ഷേ ഇത് പൊലീസുകാരുടെ മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല. രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, തൊഴിലുടമകള്‍ ഇങ്ങനെ അധികാര സ്ഥാനത്തുള്ളവരുടെ ഭാഗത്തുനിന്നും കുട്ടികള്‍ക്കെതിരേയുള്ള പീഡന ശ്രമങ്ങള്‍ നിരവധിയാണെന്ന് മാധ്യമ വാര്‍ത്തകള്‍ കാണിച്ചുതരുന്നു. പൊലീസ് വിഭാഗത്തിന്റെ കുറ്റകൃത്യങ്ങള്‍ക്ക് മാധ്യമ ശ്രദ്ധ കൂടുതല്‍ ലഭിക്കുന്നു എന്നു മാത്രം.

സംരക്ഷണ ചുമതലയുള്ളവരില്‍ നിന്നുണ്ടാകുന്ന ലൈംഗികാതിക്രമത്തെ പോക്‌സോ നിയമം അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. രക്ത ബന്ധമുള്ളവരില്‍ നിന്നോ പൊലീസ്, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അനാഥാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ നിന്നോ കുട്ടികള്‍ക്ക് നേരിടുന്ന അതിക്രമങ്ങള്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവ 20 വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷ മുതല്‍ വധശിക്ഷ വരെ വിധിക്കാമെന്ന് 2019 ലെ നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. നിയമത്തിലെ സെക്ഷന്‍ 6 (1) പ്രകാരം കഠിനമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് 20 വര്‍ഷത്തില്‍ കുറയാത്ത തടവോ അല്ലെങ്കില്‍ ജീവപര്യന്ത്യേമോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കാം. കുറ്റവിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും നിയമം അനുശാസിക്കുന്നു.

പതിറ്റാണ്ട് പിന്നിടുമ്പോഴും ശിക്ഷിക്കപ്പെടുന്ന പ്രതികളുടെ എണ്ണം നാലിലൊന്നു പോലും വരുന്നില്ല എന്നത് ആശങ്കപ്പെടുത്തുന്നതാണ്. കോടതിക്കു പുറത്തുള്ള ഒത്തുതീര്‍ക്കലും സാക്ഷികളുടെ കൂറുമാറ്റവുമെല്ലാം കേസുകളെ ദുര്‍ബലമാക്കുന്നു. അതോടൊപ്പം വ്യക്തി താല്‍പര്യങ്ങള്‍ക്കായി നിയമം ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പാണ് പത്തനംതിട്ടയില്‍ വ്യാജ പരാതി നല്‍കിയ അമ്മക്കെതിരേ കേസെടുക്കാന്‍ പോക്‌സോ കോടതി ഉത്തരവിട്ടത്.
ചില പ്രത്യേക ആചാരങ്ങള്‍ വച്ചുപുലര്‍ത്തുന്ന ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കിടയിലുള്ള യുവാക്കള്‍ പോക്‌സോ നിയമത്തിന്റെ സ്വാഭാവിക ഇരകളാകുന്നുണ്ട് എന്നത് വസ്തുതയാണ്. ഇതിനു പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഇരകള്‍ പലപ്പോഴും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ദുര്‍ബലരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ സാധാരണക്കാരാകുമ്പോള്‍ അധികാര ശ്രേണിയിലുള്ള വേട്ടക്കാര്‍ നിയമത്തിലെ പഴുതുകള്‍ കണ്ടെത്തി രക്ഷപ്പെടുന്ന വര്‍ത്തമാന കാല അവസ്ഥയും ഇല്ലാതാകേണ്ടിയിരിക്കുന്നു.

Test User: