മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലിപ്പോള്‍ ചൂടുള്ള ചര്‍ച്ചാവിഷയം. തന്റെ മൂന്നാമത്തെ മകള്‍ അസ്മറ, താന്‍ വിക്കറ്റ് നേടിയ ശേഷം നടത്തുന്ന ആഹ്ലാദപ്രകടനത്തെ അനുകരിക്കുന്ന ചിത്രമാണ് അഫ്രീദി പുറത്തുവിട്ടത്. എന്നാല്‍ അഫ്രീദിയുടെ വീട്ടില്‍ നിന്നെടുത്തതെന്ന് കരുതുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സിംഹം കിടക്കുന്നത് ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായി.
‘പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുക എന്നത് സന്തോഷകരമാണ്. എന്റെ വിക്കറ്റ് ടേക്കിങ് സെലിബ്രേഷന്‍ എന്റെ മകള്‍ അനുകരിക്കുന്നത് കാണുന്നതാണ് ലോകത്തെ ഏറ്റവും നല്ല വൈകാരികാനുഭവം. ഒപ്പം, നാം മൃഗങ്ങളെ സംരക്ഷിക്കാനും മറക്കരുത്. അവരും സ്‌നേഹവും പരിചരണവും അര്‍ഹിക്കുന്നുണ്ട്.’ മകളുടെ ഫോട്ടോയ്‌ക്കൊപ്പം അഫ്രീദി കുറിച്ചു. ഇതോടൊപ്പം ഒരു മാന്‍കുഞ്ഞിനെ മടിയിലിരുത്തി കുപ്പിപ്പാല്‍ നല്‍കുന്ന ചിത്രവും അഫ്രീദി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു.
വീട്ടില്‍ സിംഹത്തെ വളര്‍ത്തുന്നതിലെ അത്ഭുതം പല ആരാധകരും പങ്കുവെച്ചപ്പോള്‍ സിംഹത്തെ ചങ്ങലയില്‍ ബന്ധിച്ചതിലുള്ള പരിഭവമാണ് മറ്റു ചിലര്‍ ഉന്നയിച്ചത്. ചിലര്‍ക്കറിയേണ്ടത് അഫ്രീദി ‘വളര്‍ത്തുന്ന’ സിംഹത്തിന്റെ പേരും മറ്റു വിശേഷങ്ങളുമായിരുന്നു. വന്യജീവിയായ സിംഹത്തെ വീട്ടില്‍ കെട്ടിയിട്ടു വളര്‍ത്തുന്നതിനെയും ചിലര്‍ വിമര്‍ശിച്ചു.
മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ക്യാപ്ടനായ അഫ്രീദിക്ക് നാല് പെണ്‍മക്കളാണുള്ളത്. അഖ്‌സ, അജ്‌വ, അസ്മറ, അന്‍ഷ. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ അഫ്രീദി തന്നെ ഇടക്കിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുള്ളതിനാല്‍ മക്കളും ആരാധകര്‍ക്ക് പരിചിതരാണ്.