കറാച്ചി: ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയുടെ പുതിയ ഹെല്‍മറ്റാണ്. കഴിഞ്ഞ ദിവസം പുനഃരാരംഭിച്ച പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ (പിഎസ്എല്‍) പ്ലേഓഫ് പോരാട്ടത്തിനിടെയാണ് അഫ്രീദിയുടെ പുതിയ ഹെല്‍മറ്റ് ആരാധകരുടെ ശ്രദ്ധ കവര്‍ന്നത്. മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് താരമായ നാല്‍പ്പതുകാരന്‍ അഫ്രീദി, കറാച്ചി കിങ്‌സിനെതിരായ പ്ലേഓഫ് പോരാട്ടത്തിലാണ് വ്യത്യസ്തമായ ഹെല്‍മറ്റ് ധരിച്ച് കളത്തിലിറങ്ങിയത്.
സാധാരണ ഹെല്‍മറ്റുകളില്‍നിന്ന് വ്യത്യസ്തമായി തീര്‍ത്തും അപകടകരമായ ഡിസൈനാണ് ഹെല്‍മറ്റിന്റേത്. മുഖം സംരക്ഷിക്കുന്നതിനായി ഹെല്‍മറ്റിന്റെ മുന്‍പില്‍ ഘടിപ്പിച്ചിരിക്കുന്ന ഗ്രില്ലുകളില്‍ മുകളിലെ കമ്പി എടുത്തു മാറ്റിയ നിലയിലാണ് അഫ്രീദി ധരിച്ചിരുന്ന ഹെല്‍മറ്റ്. ബാറ്റില്‍ കൊള്ളാതെ വരുന്ന പന്ത് മുഖത്തിടിക്കാനുള്ള സാധ്യത വളരെയധികമായതിനാല്‍ അപകടകരമെന്ന് തന്നെ പറയാം.
മത്സരത്തില്‍ ഭാഗ്യവശാല്‍ അപകടമൊന്നും സംഭവിച്ചില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരും കമന്ററി ബോക്‌സില്‍ വിദഗ്ധരും ഇത്തരം ഹെല്‍മറ്റിന്റെ അപകടസാധ്യത ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയന്‍ താരം ഫില്‍ ഹ്യൂഗ്‌സ് പന്തുകൊണ്ട് മരണത്തിനു കീഴടങ്ങിയതിനുശേഷം ഹെല്‍മറ്റുകളുടെ കാര്യത്തില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) കടുത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഐപിഎല്ലിനിടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം വിജയ് ശങ്കറിന് ഏറു കിട്ടിയതിനു പിന്നാലെ, എല്ലാ താരങ്ങള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറും മുന്നറിയിപ്പു നല്‍കിയിരുന്നു.