ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയുടെ വെടിക്കെട്ട്. ഇന്നലെ നടന്ന ഹാംപ്ഷയറും ഡെര്‍ബിഷയറും തമ്മില്‍ നടന്ന ടി20 മത്സരത്തില്‍ ഹാംപ്ഷയറിന് വേണ്ടിയാണ് അഫ്രീദി ഒരിക്കല്‍ കൂടി തന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. 43 പന്തില്‍ നിന്ന് 101 റണ്‍സാണ് അഫ്രീദി നേടിയത്. മത്സരത്തില്‍ ഹാംപ്ഷയര്‍ 101 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കുകയും ചെയ്തു. 42 പന്തില്‍ നിന്നായിരുന്നു അഫ്രീദിയുടെ സെഞ്ച്വറി. ടി20 ക്രിക്കറ്റില്‍ അഫ്രീദിയുടെ ആദ്യ സെഞ്ച്വറിയാണിത്. പത്ത് ഫോറും ഏഴ് സിക്സറുകളും അടങ്ങുന്നതായിരുന്നു അഫ്രീദിയുടെ ഇന്നിങ്സ്. സ്ട്രേക്ക് റൈറ്റ് 234.88 ഉം.
ഒമ്പത് പന്തില്‍ 17 റണ്‍സെടുക്കുന്നതിനിടയില്‍ ഹാംഷെയര്‍ അഞ്ചു വിക്കറ്റ് കളഞ്ഞെങ്കിലും ടിട്വന്റി കരിയറിലെ ഏറ്റവും മികച്ച സ്‌കോറിലെത്താന്‍ ടീമിന് കഴിഞ്ഞു. അഫ്രീദിയോടൊപ്പം 36 പന്തില്‍ 55 റണ്‍സടിച്ച ജെയിംസ് വിന്‍സെ, 11 പന്തില്‍ 27 റണ്‍സ് നേടിയ ജോര്‍ജ് ബെയ്ലി എന്നിവരുടെ ഇന്നിങ്സുകള്‍ ഹാംഷെയറിനെ റെക്കോഡ് സ്‌കോറിലെത്തിക്കുകയായിരുന്നു. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ്. ഇതിന് മുമ്പ് മിഡിലെക്സിനെതിരെ 2006ല്‍ നേടിയ 225 റണ്‍സായിരുന്നു ഹാംഷയെറിന്റെ ഏറ്റവുമയര്‍ന്ന ടിട്വന്റി സ്‌കോര്‍.
പതിവില്‍ വിപരീതമായി ഓപ്പണറായാണ് അഫ്രീദി ഇന്നലെ എത്തിയത്. ഓപ്പണര്‍ സ്ഥാനം ചോദിച്ചുവാങ്ങിയതാണെന്ന് താരം പിന്നീട് വ്യക്തമാക്കുകയും ചെയ്തു. ജയിം വിന്‍സ് 55 റണ്‍സ് നേടി. ഇരുവരുടെയും ഇന്നിങ്സുകളുടെ ബലത്തില്‍ 20 ഓവറില്‍ എട്ടിന് 249 എന്ന കൂറ്റന്‍ സ്‌കോറാണ് ഹാംപ്ഷയര്‍ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡെര്‍ബിഷയറിന് 148 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഈ വര്‍ഷം ഫെബ്രുവരിയിലാണ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. വിരമിച്ചെങ്കിലും തന്റെ പ്രതിഭക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് കൂടി തെളിയിക്കുകയാണ് അഫ്രീദി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 37 പന്തില്‍ സെഞ്ച്വറി നേടിയെന്ന നേട്ടവും അഫ്രീദിക്കുണ്ട്.
ഈ വര്‍ഷം ടിട്വന്റി ബ്ലാസ്റ്റില്‍ ഏറ്റവും വേഗതയേറിയ സെഞ്ചുറിയെന്ന നേട്ടവും അഫ്രീദി ഡെര്‍ബിയില്‍ പിന്നിട്ടു. വോസെസ്റ്റെര്‍ഷെയറിന്റെ ജോ ക്ലര്‍ക്ക് നേടിയ 45 പന്തിലുള്ള സെഞ്ചുറിയാണ് മുന്‍ പാക് താരം പഴങ്കഥയാക്കിയത്. ഈ മത്സരത്തിന് മുമ്പ് മോശം ഫോമിലായിരുന്നു അഫ്രീദി. കഴിഞ്ഞ ഏഴു ഇന്നിങ്സില്‍ നിന്ന് സമ്പാദ്യം 50 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ ആ അപാകത മായ്ച്ചുകളയുന്ന പ്രകടനമാണ് അഫ്രീദി ഡെര്‍ബിയില്‍ പുറത്തെടുത്തത്.