X

സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ കൊല്ലാൻ വേണ്ടി അയക്കുമോ എന്ന് ഭയക്കുന്നു -സന്ദീപ് വാര്യർ

മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണെന്നും അതിന് കാരണം പാണക്കാട് കുടുംബമാണെന്നും സന്ദീപ് വാര്യര്‍. കോണ്‍ഗ്രസിൽ ചേർന്നതിന് പിന്നാലെ പാണക്കാടെത്തി ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. എംബി രാജേഷ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും തന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് സിപിഎമ്മും ബിജെപിയും ഒരുമിച്ചാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. അത് മലപ്പുറത്തിന് കിട്ടാന്‍ കാരണം കൊടപ്പനക്കല്‍ തറവാടും പാണക്കാട് കുടുംബവും അവരുടെ പ്രയത്‌നവുമാണ്. കേരളത്തിനും രാജ്യത്തിനും തന്നെ മാതൃകയായ ഈ പാരമ്പര്യം മാനവിക സൗഹാര്‍ദ്ദത്തിന് അടിത്തറ പാകിയത് ഈ കുടുംബമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഈ കാര്യം അംഗീകരിക്കുന്നതാണ്. ഉയര്‍ന്ന ചിന്തയോടെ മനുഷ്യര്‍ ഒരുമിച്ച് പോകണമെന്നും മാനവ സൗഹാര്‍ദമാണ് എല്ലാത്തിനും മുകളില്‍ എന്ന് വിശ്വസിക്കുന്ന കുടുംബമാണിത്. ഏത് നേരത്തും ആര്‍ക്കും ഏത് സഹായവും ചോദിച്ച് ഇവിടെ വരാന്‍ സാധിക്കും.

കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ച് ഇവിടേയ്ക്ക് കടന്നുവരാന്‍ സാധിക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. വ്യക്തിപരമായി മതത്തിന്റെ അടിസ്ഥാനത്തില്‍ ആരോടും പെരുമാറുന്നയാളല്ല ഞാന്‍. അത് എന്റെ നാട്ടുകാര്‍ക്ക് അറിയാം. ലീഗ് നേതാക്കളില്‍ നിന്നും അനുഭവിക്കുന്ന സ്‌നേഹം വിവരിക്കാനാകാത്തതാണ്. ഒരുപാട് സന്തോഷമുണ്ട്. ഇതെൻ്റെ ആദ്യത്തെ വരവാണ്. ഇനിയെപ്പോഴും വരാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്’, സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.

‘ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനത്തിന് എത്തിയിരുന്നു. അന്ന് ദൂരെ നിന്നും എന്നെ കണ്ട അദ്ദേഹം എന്നേയും ചേര്‍ത്താണ് ആ ഉദ്ഘാടനം നടത്തിയത്. എന്റെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ അദ്ദേഹത്തെ കണ്ട് പഠിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. വലിയ കസേരകള്‍ കിട്ടട്ടെ എന്നല്ലേ ഇന്നലെ പറഞ്ഞത്. ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാത്തവരാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. ഇന്ന് എനിക്ക് കിട്ടിയത് ഒരു വലിയ കേസരയാണ്. കൊടപ്പനക്കല്‍ വന്ന് തങ്ങളുടെ കൂടെ ഇരിക്കാന്‍ പറ്റിയാല്‍ അത് എനിക്ക് ഏറ്റവും വലുതാണ്.

ഭക്ഷണം വസ്ത്രം ഭാഷ ഇതൊക്കെ ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്രമാണ്. അത് സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ് മതനിരപേക്ഷ ശക്തികള്‍ ഒരുമിച്ച് നില്‍ക്കേണ്ടത്. രാഷ്ട്രീയം ഒരാളുടെ വ്യക്തിപരമായ താത്പര്യമാണ്, അത് സ്വീകരിക്കുന്ന സമയത്ത് എംബി രാജേഷ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. എന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് ബിജെപിയും സിപിഐഎമ്മും ചേര്‍ന്നാണോ എന്ന് സംശയമുണ്ട്. ഈ രണ്ട് കൂട്ടരും ഒന്നിച്ചാണ് കേരളത്തില്‍ രാഷ്ട്രീയം നടത്തുന്നത്. ഒരേ ഫാക്ടറിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വിദ്വേഷമാണ് ഇവര്‍ വിളമ്പുന്നത്. കോണ്‍ഗ്രസിന്റെ ഭാഗമായി മാറിയത് ഒരു കണ്ടീഷനോട് കൂടിയാണ്. പ്രതിപക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടിയിലേക്കാണ് വന്നത്. വെറുപ്പിന്റെ ഫാക്ടറിയില്‍ പ്രവര്‍ത്തിച്ച് മനം മടുത്തിട്ടാണ് മാനവികതയുടെ കോണ്‍ഗ്രസിലേക്ക് എത്തിയത്’ അദ്ദേഹം കൂട്ടിച്ചേർത്തു.

 

webdesk13: