കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ പ്രവേശിച്ച സാഹചര്യത്തില്‍ ഉടന്‍ അധികാര കൈമാറ്റമുണ്ടായേക്കും. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജിവെക്കും. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അഫ്ഗാനില്‍ അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്ന് അഫ്ഗാന്‍ ആഭ്യന്തരമന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്ക്‌വല്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ പരിഭ്രാന്തരാവരുത്. കാബൂള്‍ നഗരത്തില്‍ ആക്രമണങ്ങള്‍ നടക്കില്ലെന്നും സമാധാനപരമായി ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ രൂപത്തിലാണ് ആഭ്യന്തരമന്ത്രിയുടെ സന്ദേശം പുറത്തുവന്നിരിക്കുന്നത്. അഫ്ഗാന്‍ മുന്‍ ആഭ്യന്തരമന്ത്രി അലി അഹമ്മദ് ജലാലി ഇടക്കാല സര്‍ക്കാര്‍ പ്രസിഡന്റ് ആവുമെന്നാണ് സൂചനകള്‍.
ബലം പ്രയോഗിച്ച് അധികാരം ഏറ്റെടുക്കില്ലെന്ന് താലിബാന്‍ വക്താക്കളും പ്രതികരിച്ചിട്ടുണ്ട്. സമാധാനപരമായ അധികാരകൈമാറ്റത്തിന് കാത്തിരിക്കുകയാണെന്ന് താലിബാന്‍ വക്താക്കള്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു.