കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒക്ടോബറില്‍ നടത്താനിരിക്കുന്ന തെരഞ്ഞെടുപ്പിനുവേണ്ടി ഞായറാഴ്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സമീപത്തുണ്ടായിരുന്ന കാറുകളും കെട്ടിടങ്ങളും തകര്‍ന്നു.
തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങുന്നതിനായി നിരവധിപേര്‍ തടിച്ചുകൂടിയ സ്ഥലത്താണ് ആക്രമണമുണ്ടായത്. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന പാര്‍ലമെന്റ്, ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.