കാബൂള്‍: താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിത നീക്കവുമായി വൈസ് പ്രസിഡന്റ് അമറുള്ള സാലെഹ്. ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. താന്‍ രാജ്യം വിട്ടുപോയിട്ടില്ലെന്നും അഫ്ഗാന്‍ ഭരണഘടന പ്രകാരം പ്രസിഡന്റ് മരിക്കുകയോ, രാജ്യം വിടുകയോ ചെയ്താല്‍ വൈസ് പ്രസിഡന്റിനാണ് അധികാര സ്ഥാനം ലഭിക്കുകയെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
‘അഫ്ഗാന്‍ ഭരണഘടന പ്രകാരം, പ്രസിഡന്റിന്റെ അഭാവത്തിലോ, രക്ഷപ്പെടലിലോ, രാജിയിലോ, മരണത്തിലോ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റെടുക്കാന്‍ സാധിക്കും. ഞാനിപ്പോള്‍ രാജ്യത്തുണ്ട്. നിയമാനുസൃതമായി ഞാനാണ് നിലവില്‍ പ്രസിഡന്റ്. എല്ലാ നേതാക്കളുടെയും പിന്തുണ പ്രതീക്ഷിക്കുന്നു’ അമറുള്ള ട്വിറ്ററില്‍ കുറിച്ചു.
ഇടക്കാല സര്‍ക്കാരിന് കളമൊരുക്കാതെ, താലിബാന്‍ നേതാവ് അബ്ദുള്‍ ഗനി ബറാദര്‍ തന്നെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തേക്കുമെന്ന സൂചനകള്‍ക്കിടെയാണ് മുന്‍ സര്‍ക്കാരിലെ വൈസ് പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. തലസ്ഥാനമായ കാബൂളും താലിബാന്‍ പിടിച്ചതിന് പിന്നാലെ, പ്രസിഡന്റ് അഷ്‌റഫ് ഗനി പലായനം ചെയ്തിരുന്നു.
താലിബാന് എതിരെ പോരാടുന്ന എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന ആഹ്വാനത്തിന് പിന്നാലെയാണ് അമീറുള്ളയുടെ നീക്കം.