X

താലിബാനുമായി നിരുപാധിക ചര്‍ച്ചക്ക് തയാര്‍: അഫ്ഗാനിസ്താന്‍

കാബൂള്‍: അഫ്ഗാനിസ്താനില്‍ 16 വര്‍ഷമായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ താലിബാനുമായി നിരുപാധിക ചര്‍ച്ചക്ക് തയാറാണെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി. വെടിനിര്‍ത്തലും തടവുകാരുടെ കൈമാറ്റവും ഉള്‍പ്പെടെയുള്ള ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. പകരം അഫ്ഗാന്‍ ഭരണകൂടത്തെ അംഗീകരിക്കാനും നിയമങ്ങള്‍ മാനിക്കാനും താലിബാന്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കാബൂളിലെ സമാധാന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് അഷ്‌റഫ് ഗനി ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചത്.

എന്നാല്‍ ഗനിയുടെ ഒത്തുതീര്‍പ്പ് നിര്‍ദേശത്തോട് താലിബാന്റെ പ്രതികരണം വന്നിട്ടില്ല. നേതൃത്വത്തില്‍നിന്നുള്ള നിര്‍ദേശത്തിനുവേണ്ടി കാത്തിരിക്കുകയാണ് തങ്ങളെന്ന് ഒരു താലിബാന്‍ വക്താവ് പറഞ്ഞു. യുദ്ധത്തിന് സമാധാപരമായ പരിഹാരം കാണുന്നതിന് അമേരിക്കയുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ തയാറാണെന്ന് താലിബാന്‍ അറിയിച്ചിരുന്നു. എന്നാല്‍ അഫ്ഗാന്‍ ഭരണകൂടവുമായുള്ള ചര്‍ച്ചയെക്കുറിച്ച് പ്രസ്താവനയില്‍ പരാമര്‍ശമുണ്ടായിരുന്നില്ല. അമേരിക്കയുടെ തണലില്‍ പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍ ഭരണകൂടവുമായി ചര്‍ച്ചക്കില്ലെന്നായിരുന്നു മുന്‍കാലങ്ങളില്‍ താലിബാന്റെ നിലപാട്.

ചര്‍ച്ചക്ക് തയാറായാല്‍ താലിബാനെ ഔദ്യോഗിക രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കാമെന്നും അന്താരാഷ്ട്ര കരിമ്പട്ടികയില്‍നിന്ന് ഒഴിവാക്കാമെന്നും അഷ്‌റഫ് ഗനി ഉറപ്പുനല്‍കി. ‘ഇനി തീരുമാനം എടുക്കേണ്ടത് താലിബാനാണ്. സമാധാനത്തെ സ്വീകരിക്കൂ. നമുക്ക് ഈ രാജ്യത്തെ സമാധാനത്തിലേക്കും സുസ്ഥിരതയിലേക്കും കൊണ്ടുവരാം’-അദ്ദേഹം പറഞ്ഞു. കാബൂളില്‍ നടന്ന സമാധാന സമ്മേളനത്തില്‍ 25 രാജ്യങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. 2001ല്‍ അമേരിക്കന്‍ അധിനിവേശ സേന താലിബാനെ അധികാരത്തില്‍നിന്ന് പുറത്താക്കിയ ശേഷം തുടങ്ങിയ യുദ്ധത്തില്‍ ഒരു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അഫ്ഗാനില്‍ താലിബാന്‍ ഇപ്പോഴും ശക്തമാണ്. താലിബാന്റെ ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും സാധിക്കുന്നില്ല. എത്രയും വേഗം അഫ്ഗാനില്‍നിന്ന് തലയൂരാനാണ് അവര്‍ ശ്രമിക്കുന്നത്.

chandrika: