X
    Categories: MoreViews

അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് റഷ്യയില്‍ തുടക്കം

 

മോസ്‌കോ: തീവ്രവാദ ആക്രമണങ്ങള്‍ പതിവായ അഫ്ഗാനിസ്താനില്‍ സമാധാനത്തിന്റെ പാത തുറന്നിട്ട് റഷ്യയില്‍ ചര്‍ച്ച. റഷ്യ, അഫ്ഗാനിസ്താന്‍, താലിബാന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കൂടാതെ യു.എസ്, ഇന്ത്യ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്നലെ രാവിലെയാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. റഷ്യ മുന്‍കൈ എടുത്താണ് ചര്‍ച്ച നടക്കുന്നത്. അഫ്ഗാന്റെയും താലിബാന്റെയും പ്രതിനിധികളുടെ സാന്നിധ്യം ചര്‍ച്ച വിജയിക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. ചര്‍ച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാകും. അഫ്ഗാനിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അഫ്ഗാന്റെ ചരിത്രത്തില്‍ പുതിയ ഏടാണ് ഈ ചര്‍ച്ച തുറന്നിടുകയെന്നും മന്ത്രി വ്യക്തമാക്കി. ഏഷ്യയിലെ പ്രശ്‌നബാധിതമായ രാജ്യം കൂടിയാണ് അഫ്ഗാനെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
പാക്കിസ്താനാണ് താലിബാന് വേണ്ട പിന്തുണ നല്‍കുന്നതെന്ന് അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ചര്‍ച്ച നിരീക്ഷിക്കാന്‍ നയതന്ത്ര പ്രതിനിധിയെ യുഎസ് അയച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ റഷ്യ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അഫ്ഗാന്‍ നിരസിച്ചിരുന്നു.
ചര്‍ച്ച അനൗദ്യോഗികമെന്നാണ് സൂചന. താലിബാന്‍ പ്രതിനിധികള്‍ എത്തുന്ന ചര്‍ച്ചയില്‍ അഫ്ഗാനിസ്ഥാനില്‍ സമാധാനം പുന:സ്ഥാപിക്കുക എന്നതായിരിക്കും പ്രധാന വിഷയം. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമര്‍ സിന്‍ഹ, പാക്കിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ ഹൈകമീഷണര്‍ ടി.സി.എ രാഘവന്‍ എന്നിവരാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അഫ്ഗാനിസ്താനില്‍ സമാധാനവും സുരക്ഷയും കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യ പിന്തുണ നല്‍കുമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചതിനു ശേഷമാണ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് രാജ്യം സന്നദ്ധത അറിയിച്ചത്. എന്നാല്‍ അഫ്ഗാന്‍ വിഷയത്തില്‍ റഷ്യയില്‍ ചര്‍ച്ച് നടക്കുന്നുണ്ടെന്ന് അറിയിച്ചെങ്കിലും താലിബാനുമായുള്ള ചര്‍ച്ചകള്‍ സംബന്ധിച്ച് ഒന്നും പുറത്തു പറയാന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ തയ്യാറായിട്ടില്ല.

chandrika: