ക്വലാലംപൂര്‍ : അണ്ടര്‍ 19 ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്താനെ തകര്‍ത്ത് അഫ്ഗാനിസ്താന്‍ കിരീടം. ബാറ്റുകൊണ്ട് ഇക്രം ഫൈസിയുടെ അപരാജിത സെഞ്ച്വറിയും ബൗളിങില്‍ മുജീബ് സദ്‌റാന്‍ തിളങ്ങിയപ്പോള്‍ 185 റണ്‍സിന് പാക്കിസ്താനെ തുരത്തിയാണ് അഫ്ഗാന്‍ ചുണകുട്ടികള്‍ കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ അഫ്ഗാനിസ്താന്‍ 50 ഓവറില്‍ 248/7( ഇക്രം ഫായിസി 107, മുഹമ്മദ് മൂസ 3/46),പാക്കിസ്താന്‍ 22.1 ഓവറില്‍ പത്തുവിക്കറ്റ് നഷ്ടത്തില്‍ 63(മുഹമ്മദ് ത്വാഹ 19, മുജീബ് 5/13)
ടോസ് നഷ്ടമായി ബാറ്റിങ്‌നിറങ്ങിയ അഫാഗാസ്താന് ഇക്രം ഫൈസിയുടെ അപരാജിത സെഞ്ച്വറിയാണ് മാന്യമായ സ്‌കോര്‍ നേടിക്കൊടുത്തത്.110 പന്തുകള്‍ നേരിട്ട ഫൈസി രണ്ടു സിക്‌സറും 10 ഫോറിന്റെയും അകമ്പടിയോടെ 107 റണ്‍സുമായി പുറത്താകതെ നിന്നു. അഫ്ഗാന്‍ നിരയില്‍ ഓപണര്‍മാരായ റഹ് മാന്‍ഗുലും(40), ഇബ്രാഹിം സദ്രാനും (36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 249 റണ്‍സെന്ന വിജയലക്ഷ്യവുമായി ബാറ്റിങ്‌നിറങ്ങിയ പാക്കിസ്താന് ആദ്യ പത്തു ഓവറിനിടെ 23 റണ്‍സിന് വിലയേറിയ മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ കളിയില്‍ പിന്നോക്കം പോയ പാക്കിസ്താന്‍ 22.1 ഓവറില്‍ ശേഷിച്ച ഏഴു വിക്കറ്റുകളും നഷ്ടമായി നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. ഏഴു ഓവറില്‍ 13 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയ മുജീബിന്റെ ബൗളിങിനു മുന്നില്‍ പാക് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ഖൈസ് അഹമദ് 18 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് സ്വന്തമാക്കി മുജീബിന് പിന്തുണ നല്‍കി. പാക് നിരയില്‍ ഓരോരുത്തരായി കൂട്ടാരം കയറിയപ്പോള്‍ 19 റണ്‍സുമായി മുഹമ്മദ് താഹ ടോപ് സ്‌കോററായി. നാലു കളിക്കാര്‍ പൂജ്യത്തിന് പുറത്തായ പാക് നിരയില്‍ നായകന്‍ ഹസന്‍ ഖാനാ (10)ണ് രണ്ടക്കം നേടിയ മറ്റൊരു താരം. മുജീബാണ് കളിയിലെ താരം. ടൂര്‍ണമെന്റിലെ താരമായി ഇക്രം ഫൈസിയെ തെരഞ്ഞെടുത്തു