X

അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ വന്‍ ആക്രമണം

 

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ആഭ്യന്തര മന്ത്രാലയത്തിനുനേരെ വന്‍ ആക്രമണം. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ അക്രമികള്‍ ആറുപേരും കൊല്ലപ്പെട്ടു. ബുധനാഴ്ച മന്ത്രാലയത്തിന് പുറത്ത് രണ്ട് വന്‍ സ്‌ഫോടനങ്ങളോടെയായിരുന്നു ആക്രമണത്തിന്റെ തുടക്കം. തുടര്‍ന്ന് അക്രമികള്‍ കെട്ടിടത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു.
അക്രമികളുമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം ഏറ്റുമുട്ടി. ആക്രമണം അസാനിച്ചതായും തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ഡാനിഷ് അറിയിച്ചു. ആളപായത്തെക്കുറിച്ച് റിപ്പോര്‍ട്ടില്ല. 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കുന്ന കേന്ദ്രമാണ് ആഭ്യന്തര മന്ത്രാലയം. ആക്രമണങ്ങള്‍ തടയുന്നതിന് മന്ത്രാലയത്തിന് ചുറ്റുമതിലുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാബൂളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച നഗരത്തിലെ സൈനിക, ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ക്കു സമീപത്തുനിന്ന് അകന്നുനില്‍ക്കാന്‍ താലിബാന്‍ സാധാരണക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

chandrika: