X

ലോകകപ്പില്‍ അഫ്ഗാന്‍ ദുരന്തം

മാഞ്ചസ്റ്റര്‍: ബുള്‍ഡോസറായിരുന്നു ഇംഗ്ലണ്ട്. അഫ്ഗാനികള്‍ അതിനിടിയില്‍ ഞെരിഞ്ഞമര്‍ന്നു. ലോകകപ്പില്‍ ഏറ്റവും വലിയ വിജയവുമായി ആതിഥേയര്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് വന്നു. സിക്‌സറുകളുടെ മാലപ്പടക്കങ്ങള്‍ കണ്ട പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നേടിയത് ലോകകപ്പിലെ റെക്കോര്‍ഡ് സ്‌ക്കോര്‍-ആറ് വിക്കറ്റിന് 397 റണ്‍സ്. മറുപടി ബാറ്റിംഗില്‍ അഫ്ഗാനികള്‍ എട്ട് വിക്കറ്റിന് 247. ഇംഗ്ലണ്ടിന്റെ ജയം 150 റണ്‍സിന്. 57 പന്തില്‍ നിന്ന് സെഞ്ച്വറി സ്വന്തമാക്കിയ നായകന്‍ ഇയാന്‍ മോര്‍ഗനായിരുന്നു അഫ്ഗാനികളെ വിരട്ടിയത്. ലോകകപ്പിലെ അതിവേഗ സെഞ്ച്വറി. 71 പന്തില്‍ നിന്ന് 148 റണ്‍സ് നേടിയാണ് അദ്ദേഹം പുറത്തായത്. 17 സിക്‌സറുകളാണ് ഇംഗ്ലീഷ് നായകന്‍ സ്വന്തമാക്കിയത്. ഒരു ഏകദിന ഇന്നിംഗ്‌സിലെ ഏറ്റവും ഉയര്‍ന്ന സിക്‌സര്‍ വേട്ടയാണിത്. അടിയോടടിയായിരുന്നു മോര്‍ഗന്‍. 99 പന്തില്‍ നിന്ന് 90 റണ്‍സുമായി ബെയര്‍ സ്റ്റോ റണ്‍വേട്ടയില്‍ രണ്ടാമത് വന്നു. ജോ റൂട്ട് മോശമാക്കിയില്ല-88 റണ്‍സ്. ഒമ്പത് പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ മോയിന്‍ അലിയും പായിച്ചു നാല് സിക്‌സറുകള്‍. നിരവധി റെക്കോര്‍ഡുകള്‍ പിറന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ട് മാത്രമായിരുന്നു. മികച്ച സ്പിന്നറായ റാഷിദ് ഖാന്‍ ഒമ്പത് ഓവറില്‍ 110 റണ്‍സാണ് വഴങ്ങിയത്-ലോകകപ്പില്‍ ഒരു ബൗളറുടെ ഏറ്റവും മോശം റൈക്കോര്‍ഡ്. മറുപടി ബാറ്റിംഗില്‍ നായകന്‍ ഗുലാബ് നായിബ് (37), റഹ്മത്ത് ഷാ (46), ഹഷ്മത്തുല്ല ഷാഹിദി (76), അസ്ഗര്‍ അഫ്ഗാന്‍ (44) എന്നിവരെല്ലം പൊരുതിയെങ്കിലും എവിടെയുമെത്തിയില്ല. നാല് മല്‍സരങ്ങളില്‍ അഫ്ഗാന്റെ നാലാമത്തെ തോല്‍വി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: