ഇസ്്‌ലാമാബാമാദ്: അമേരിക്കയിലെ അന്താരാഷ്ട്ര റോബോട്ടിക്‌സ് മത്സരത്തില്‍ തിളങ്ങി അഫ്ഗാന്‍ പെണ്‍കുട്ടികള്‍. വിസക്കുള്ള അപേക്ഷ രണ്ടുതവണ നിരസിക്കപ്പെട്ടിട്ടും നിരാശരാവാതെ അമേരിക്കയിലേക്ക് യാത്ര തരപ്പെടുത്തിയ സംഘം ‘ധീരമായ നേട്ടത്തി’ന് വെള്ളി മെഡല്‍ ചൂടിയാണ് അഫ്ഗാനിലേക്ക് മടങ്ങുന്നത്. വാഷിങ്ടണില്‍ ഫസ്റ്റ് ഗ്ലോബല്‍ ചലഞ്ച് സംഘടിപ്പിച്ച മത്സരത്തില്‍ 150ലേറെ രാജ്യങ്ങളില്‍നിന്നുള്ള ടീമുകള്‍ പങ്കെടുത്തങ്കിലും യുദ്ധം തകര്‍ത്ത അഫ്ഗാനിലെ പെണ്‍കൂട്ടമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
മത്സരത്തില്‍ പങ്കെടുക്കുന്നതിന് അമേരിക്കയിലേക്ക് പോകാന്‍ 800 കിലോമീറ്ററോളം സഞ്ചരിച്ച് അവര്‍ രണ്ടു തവണ കാബൂളിലെ യു.എസ് എംബസി കയറിയെങ്കിലും വിസ നല്‍കിയിരുന്നില്ല. ഇവരുടെ കദനകഥ ഓണ്‍ലൈനില്‍ വൈറലായതോടെയാണ് മത്സരം നടക്കുന്നതിന് ഒരാഴ്ച മുമ്പ് യു.എസ് അധികാരികള്‍ വിസ അനുവദിക്കാന്‍ തയാറായത്. യുദ്ധത്തില്‍ എല്ലാം തകര്‍ന്ന് വിഭങ്ങള്‍ ചോര്‍ന്ന് ദരിദ്രമായ ഒരു രാജ്യത്തെ പ്രതിനിധീകരിച്ച അഫ്ഗാന്‍ പെണ്‍കുട്ടികള്‍ തങ്ങള്‍ക്കും കഴിവുണ്ടെന്ന് ലോകത്തിനുമുന്നില്‍ തെളിയിക്കുകയായിരുന്നു.
റോബോട്ടിക്‌സ് മത്സരത്തില്‍ ശ്രദ്ധയാകര്‍ഷിച്ച് അഭയാര്‍ത്ഥികളായ മൂന്ന് സിറിയന്‍ പ്രതിഭകളും വാഷിങ്ടണില്‍ എത്തിയിരുന്നു. അഭയാര്‍ത്ഥി ടീമെന്ന പേരില്‍ മത്സരിച്ച ഇവര്‍ അവതരിപ്പിച്ച റോബോട്ടിന് റോബോജി എന്നാണ് പേരിട്ടത്. മത്സരത്തില്‍ പങ്കെടുത്ത ടീമുകളില്‍ 60 ശതമാനത്തിനും നേതൃത്വം നല്‍കിയത് പെണ്‍കുട്ടികളാണ്. യു.എസ്, ഇറാന്‍ സൗഹൃദത്തിനും മത്സരം വേദിയായി. ഇറാനില്‍നിന്നുള്ള സംഘത്തിന് അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ സഹായികളായത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരൂ യൂറോപ്യന്‍ സംഘമാണ് ഗോള്‍ഡ് മെഡല്‍ നേടിയത്. പോളണ്ട് വെള്ളിയും അര്‍മീനിയ വെങ്കലവും നേടി. 2018ലെ മത്സരം മെക്‌സിക്കോ സിറ്റിയില്‍ നടക്കും.
- 7 years ago
chandrika
Categories:
Video Stories