ബ്രസല്‍സ്: യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ അഫ്ഗാനിസ്താന് സഹായം ഉറപ്പാക്കാന്‍ അന്താരാഷ്ട്ര ദാതാക്കളുടെ യോഗം ബ്രസല്‍സില്‍ തുടങ്ങി. അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. യൂറോപ്യന്‍ യൂണിയന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ എഴുപതിലേറെ രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
2020 വരെ പ്രതിവര്‍ഷം 300 കോടി ഡോളര്‍ സമാഹരിച്ചുനല്‍കാനാണ് യൂറോപ്യന്‍ യൂണിയന്‍ ഉദ്ദേശിക്കുന്നത്. ധനസഹായത്തിനു പകരമായി അഴിമതിക്ക് തടയിടാനും വിദേശങ്ങളില്‍ കഴിയുന്ന ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ തിരിച്ചെടുക്കാനും അഫ്ഗാനിസ്താനോട് ആവശ്യപ്പെടും. താലിബാനില്‍നിന്ന് കടുത്ത ഭീഷണി നേരിടുന്ന രാജ്യം വിദേശ സഹായത്തെ മാത്രം ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. യൂറോപ്യന്‍ യൂണിയന്‍ 130 കോടി ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. യൂറോപ്പില്‍ കഴിയുന്ന അഭയാര്‍ത്ഥികളെ തിരിച്ചെടുക്കുകയെന്ന വ്യവസ്ഥയോടെയാണ് ഇതെന്ന് കരുതുന്നു.
എന്നാല്‍ അഫ്ഗാനിസ്താനിലെ ആഭ്യന്തര സ്ഥിതി ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുകയാണ്. കുന്‍ഡുസ്, ലഷ്‌കര്‍ ഗാഹ് നഗരങ്ങള്‍ ഭാഗികമായെങ്കിലും താലിബാന്റെ നിയന്ത്രണത്തിലാണ്. ഈയാഴ്ച ആദ്യത്തിലാണ് താലിബാന്‍ പോരാളികള്‍ ഇവിടങ്ങളില്‍ ശക്തമായ ആക്രമണം നടത്തിയത്. അഫ്ഗാന്‍ സേന ദുര്‍ബലമാകുന്നത് അമേരിക്കയെ ആശങ്കപ്പെടുത്തുന്നുണ്ട്. കോടിക്കണക്കിനു ഡോളര്‍ ചെലവഴിച്ചിട്ടും രാജ്യത്തിന്റെ വികസനം മുരടിച്ചുനില്‍ക്കുകയാണ്. ഭരണകൂടത്തിലെ അഴിമതിയാണ് സഹായധനം ശരിയായി വിനിയോഗിക്കപ്പെടാതെ പോകാന്‍ കാരണം.