X
    Categories: MoreViews

അഫ്ഗാനില്‍ യു.എസ് സേനയുടെ എണ്ണം ഉയര്‍ന്നു

വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍ അമേരിക്കന്‍ സൈനികരുടെ എണ്ണം 11,000 ആയെന്ന് പെന്റഗണ്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ സൈനികരെ അഫ്ഗാനിലേക്ക് അയക്കുമെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് അറിയിച്ചു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് യുദ്ധ നടപടികള്‍ അവസാനിപ്പിച്ച ശേഷം 8400 സൈനികരാണ് അഫ്ഗാനില്‍ അവശേഷിച്ചിരുന്നത്.
ബുധനാഴ്ച പ്രഖ്യാപിച്ചതിനെക്കാള്‍ കൂടുതല്‍ സൈനികര്‍ അഫ്ഗാനിലുണ്ടെന്ന് പെന്റഗണ്‍ ജോയിന്റ് സ്റ്റാഫ് ഡയറക്ടര്‍ ലഫ്റ്റനന്റ് ജനറല്‍ കെന്നത്ത് മക്കെന്‍സി സ്ഥിരീകരിച്ചു. അഫ്ഗാനിലെ സൈനിക നടപടികളില്‍ സുതാര്യത ഉറപ്പാക്കാനാണ് സൈനികരുടെ കൃത്യമായ കണക്ക് പുറത്തിവിടുന്നതെന്ന് പെന്റഗണ്‍ വക്താവ് ഡാന വൈറ്റ് പറഞ്ഞു. താലിബാനെതിരെ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിലെ സൈനിക സാന്നിദ്ധ്യം വര്‍ധിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 2001 മുതല്‍ അഫ്ഗാനിസ്താനില്‍ യുദ്ധം തുടങ്ങിയ ശേഷം താലിബാനുമേല്‍ ശ്രദ്ധേയമായ വിജയങ്ങളൊന്നും അവകാശപ്പെടാന്‍ അമേരിക്കക്ക് സാധിച്ചിട്ടില്ല. യു.എസ്, അഫ്ഗാന്‍ സേനക്കുനേരെ താലിബാന്‍ ആക്രമണം ശക്തിപ്പെടുത്തിയതോടൊപ്പം രാജ്യത്തിന്റെ വലിയൊരു ഭാഗം ഇപ്പോഴും അവരുടെ നിയന്ത്രണത്തിലാണ്. അതേസമയം ബുധനാഴ്ച 12 സാധാരണക്കാര്‍ കൊല്ലപ്പെട്ട വ്യോമാക്രമണത്തിനു പിന്നില്‍ അമേരിക്കയാണെന്ന് അഫ്ഗാന്‍ അധികാരികള്‍ കുറ്റപ്പെടുത്തി. ഹെരാത്ത് പ്രവിശ്യയിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും പെടും. അഫ്ഗാനിസ്താനില്‍ വ്യോമാക്രമണം നടത്തുന്ന ഏക വിദേശ രാജ്യം അമേരിക്കയാണ്. സംഭവത്തെക്കുറിച്ച് അഫ്ഗാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

chandrika: