കാബൂള്‍: സൈന്യത്തെ പിന്‍വലിക്കുന്നില്ലെങ്കില്‍ അമേരിക്കയുടെ മറ്റൊരു ചുടലക്കളമായി അഫ്ഗാനിസ്താന്‍ മാറുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താലിബാന്റെ മുന്നറിയിപ്പ്. ട്രംപിന്റെ അഫ്ഗാന്‍ തന്ത്രത്തില്‍ പുതുതായി ഒന്നുമില്ലെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് വ്യക്തമാക്കി. യുദ്ധം തുടരുന്നതിനുപകരം പിന്മാറ്റത്തെക്കുറിച്ചാണ് അമേരിക്ക ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ അഫ്ഗാനിലെ യുദ്ധനടപടികള്‍ അവസാനിപ്പിച്ചതായി മുന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചിരുന്നു. യു.എസ് സേനയില്‍ ഗണ്യമായൊരു ഭാഗത്തെ പിന്‍വലിച്ച് അഫ്ഗാന്‍ സേനയെ സഹായിക്കുന്നതിന് 8000 സൈനികരെ മാത്രമാണ് ബാക്കിവെച്ചിരുന്നത്. വര്‍ഷങ്ങളോളം യുദ്ധം ചെയ്തിട്ടും താലിബാന്റെ ശക്തി ക്ഷയിപ്പിക്കാന്‍ അമേരിക്കക്ക് സാധിച്ചിട്ടില്ല. രാജ്യത്തിന്റെ പകുതിയോളം ഭാഗം മാത്രമാണ് അഫ്ഗാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ളത്.