എക്‌സൈസ് വകുപ്പ് 23 പുതിയ വാഹനങ്ങള്‍ വാങ്ങുന്നു. 23 മഹീന്ദ്ര നിയോ വാഹനങ്ങളാണ് വാങ്ങുന്നത്. ഇതിനായി വകുപ്പിന്റെ നവീകരണം (പ്ലാന്‍) ബജറ്റ് ഫണ്ടില്‍നിന്ന് 2.13 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
ഒമ്പതുലക്ഷത്തോളം രൂപയാണ് ഓരോ വാഹനത്തിനും ചെലവ് വരുന്നത്. ഫെബ്രുവരിയോടെ വാഹനം നിരത്തിലിറങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ 362 നാലുചക്ര വാഹനങ്ങളാണ് എക്‌സൈസ് വകുപ്പിനുള്ളത്. ഇവയില്‍ 132 വാഹനങ്ങള്‍ കാലപ്പഴക്കം വന്നവയാണ്. കാലപ്പഴക്കം വന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി വകുപ്പിന് ഭാരിച്ച സാമ്പത്തിക ചെലവാണ് ഉണ്ടാകുന്നതെന്ന് അറിയിച്ചു.
ലഹരിസംഘങ്ങള്‍ വേഗത്തില്‍ കടന്നുപോകുമ്പോള്‍ പഴയ വാഹനവുമായി പിറകെയെത്താനാവാതെ വരുന്നുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു. തമിഴ്‌നാടുമായി അതിര്‍ത്തിപങ്കിടുന്ന തിരുവനന്തപുരത്ത് 24 മണിക്കൂറും പട്രോളിങ് നടത്താന്‍ നാല് വാഹനങ്ങളും അനുവദിച്ചു. 36 ലക്ഷം രൂപ ഉപയോഗിച്ച് നാല് മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ വാങ്ങാനാണ് അനുമതിയായത്.