യങ്കൂണ്‍: 2019-ല്‍ യു.എ.ഇയില്‍ നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് മിന്നും തുടക്കം. മ്യാന്‍മറിനെ അവരുടെ തട്ടകത്തില്‍ ചെന്ന് അട്ടിമറിച്ചാണ് ഇന്ത്യ ഗ്രൂപ്പ് എയില്‍ തുടക്കം ഗംഭീരമാക്കിയത്. 90-ാം മിനുട്ടില്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ബൂട്ടില്‍ നിന്നായിരുന്നു ചരിത്രം കുറിച്ച ഗോള്‍. മ്യാന്‍മറിനെ അവരുടെ മണ്ണില്‍ ഇന്ത്യ തോല്‍പ്പിക്കുന്നത് 64 വര്‍ഷങ്ങള്‍ക്കു ശേഷമാണ്.
20,000 ലധികം കാണികളുടെ പിന്‍ബലത്തില്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച മ്യാന്‍മറിനെ പ്രതിരോധിക്കുന്നതില്‍ മലയാളി താരം അനസ് എടത്തൊടിക അടങ്ങുന്ന ഇന്ത്യന്‍ ഡിഫന്‍സ് വിജയിച്ചപ്പോള്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഇന്ത്യക്ക് മുതലെടുക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യക്ക് അര്‍ഹിച്ച രണ്ട് പെനാല്‍ട്ടി റഫറി നിഷേധിച്ചെങ്കിലും അവസാന മിനുട്ടുകളില്‍ ആക്രമണം നടത്താനുള്ള തീരുമാനം സന്ദര്‍ശകര്‍ക്ക് ഗുണം ചെയ്തു. അവസാന മിനുട്ടില്‍ പ്രത്യാക്രമണത്തില്‍ നിന്ന് കുതിച്ചു കയറിയ ഉദാന്ത സിങ് വലതുവിങില്‍ നിന്നു നല്‍കിയ കൃത്യതയാര്‍ന്ന പാസാണ് ഛേത്രി വലയിലാക്കിയത്. ഇന്ത്യന്‍ നായകന്റെ 53-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
കിര്‍ഗിസ്താന്‍, മക്കാവു എന്നീ ടീമുകളാണ് ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ എതിരാളികള്‍. ഒന്നാം സ്ഥാനം നേടാനായാല്‍ ഇന്ത്യക്ക് ഏഷ്യന്‍ കപ്പിന് യോഗ്യത നേടാം. മ്യാന്‍മറിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞെങ്കിലും ഏഷ്യന്‍ കപ്പ് യോഗ്യത എന്ന ലക്ഷ്യം ഏറെ അകലെയാണെന്നും ആറ് പോയിന്റ് കൂടി സ്വന്തമാക്കേണ്ടതുണ്ടെന്നും കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.