X

എഎഫ്സി യോഗ്യതാ റൗണ്ട് ഇന്ത്യയില്‍; രാജ്യാന്തര മത്സരത്തിന് കൊച്ചി വേദിയായേക്കും

കൊച്ചി: ഇന്ത്യയുടെ ലോകകപ്പ് യോഗ്യതറൗണ്ട് മത്സരങ്ങള്‍ക്കുള്ള വേദിയായി കൊച്ചിയും പരിഗണനയില്‍. ലോകകപ്പ് യോഗ്യത റൗണ്ടിലെ ഏതെങ്കിലുമൊരു മത്സരം കൊച്ചിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എഐഎഫ്എഫിന് കത്തയച്ചിട്ടുണ്ട്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ലിസ്റ്റിലുള്ള വേദികളിലൊന്നാണ് കൊച്ചിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ കൊച്ചിയെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

ഫിഫ മാനദണ്ഡ പ്രകാരം മത്സരം നടക്കുമ്പോള്‍ സ്‌റ്റേഡിയത്തിലെ കച്ചവട സ്ഥാപനങ്ങളെല്ലാം ഒഴിപ്പിക്കേണ്ടി വരും. അന്താരാഷ്ട്ര മത്സരമായതിനാല്‍ ഫിഫ നിഷ്‌കര്‍ഷിക്കുന്ന മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണിത്. വേദിയുടെ കാര്യത്തില്‍ ഒരാഴ്ച്ചയ്ക്കകം അന്തിമ തീരുമാനമുണ്ടാവും. ഖത്തര്‍, കുവൈറ്റ് എന്നിവരടങ്ങിയ എ ഗ്രൂപ്പിലാണ് ഇന്ത്യ. അഫ്ഗാനിസ്താനോ മംഗോളിയയോ ആയിരിക്കും ഗ്രൂപ്പിലെ നാലാമത്തെ ടീം. നവംബറിലാണ് യോഗ്യത മത്സരങ്ങള്‍ തുടങ്ങുന്നത്. നേരത്തെ അണ്ടര്‍ 17 ലോകകപ്പിന് കൊച്ചി വേദിയൊരുക്കിയിരുന്നു. ഇന്ത്യയുടെ വിവിധ വിഖ്യാത മല്‍സരങ്ങള്‍ക്ക് വേദിയായിരുന്നു കൊച്ചി. അപ്പോഴെല്ലാം വലിയ കാണികളുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമിന്റെ ഹോം വേദിയും കൊച്ചിയാണ്. ഈ മല്‍സരങ്ങള്‍ക്ക് പതിനായിരങ്ങളാണ് ഇവിടെ ഒത്തുചേരാറുള്ളത്.

webdesk11: