കൊല്‍ക്കത്ത: ജയിക്കണം. തോല്‍ക്കരുത്… എ.എഫ്.സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഗോകുലം കേരള ഇന്ന് സമ്മര്‍ദ്ദത്തിലാണ്. ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഗോകുലത്തിന് ഇന്ന് ജയിച്ചേ തീരു എന്ന സ്ഥിതിയാണ്. ഗോകുലം ജയിക്കുകയും എ.ടി.കെ- മാലി ക്ലബായ മസിയ മത്സരത്തില്‍ എ.ടി.കെ സമനില പിടിക്കുകയോ ജയിക്കുകയോ ചെല്‍താല്‍ ഗോകുലത്തിന് ഗ്രൂപ്പ് ഘട്ടം കടക്കാന്‍ സാധിക്കും.
ഇങ്ങനെ വരുകയാണെങ്കില്‍ നേര്‍ക്കുനേര്‍ അങ്കം പരിഗണിച്ചാല്‍ ഗോകുലത്തിനായിരിക്കും മുന്‍തൂക്കം. ആദ്യ മത്സരത്തില്‍ ഗോകുലം കേരളയോട് പരാജയപ്പെട്ട എ.ടി.കെ രണ്ടാം മത്സരത്തില്‍ ബസുന്ധര കിങ്‌സിനെ എതിരില്ലാത്ത നാലു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം മത്സരത്തില്‍ മാലി ക്ലബിനോട് ഒരു ഗോളിന് പരാജയപ്പെട്ടതോടെയാണ് ഗോകുലത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചത്. ഗ്രൂപ്പിലെ മൂന്ന് ടീമുകളും ഓരോ മത്സരം ജയിച്ചതിനാല്‍ എല്ലാവര്‍ക്കും മൂന്ന് പോയിന്റ് വീതമാണുള്ളത്. അതിനാല്‍ ഗ്രൂപ്പിലെ അവസാന മത്സരം അല്‍പം കടുത്തതായിരിക്കും.
വൈകിട്ട് 4.30ന് സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് ഗോകുലം ബസുന്ധര കിങ്‌സിനെ നേരിടുന്നത്. ഗോകുലം നിരയില്‍ താരങ്ങളെല്ലാം പൂര്‍ണ ഫിറ്റ്‌നസിലാണെന്നുള്ളതിനാല്‍ ബസുന്ധര കിങ്‌സിനെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ അന്നീസെയും സംഘവും. മുന്നേറ്റതാരങ്ങളായ ജോര്‍ദാന്‍ ഫല്‍ര്‍, ലൂക്ക മെജ്‌സിയന്‍ തുടങ്ങിയവരും മധ്യനിര താരങ്ങളായ എമില്‍ ബെന്നി, ജിതിന്‍, പ്രതിരോധത്തില്‍ മുഹമ്മദ് ഉവൈസ്, അമിനോ ബൗബ എന്നിവരും മികച്ച ഫോമിലാണ്. മധ്യനിരയില്‍ കളി നിയന്ത്രിക്കുന്ന ക്യാപ്റ്റന്‍ മുഹമ്മദ് ഷരീഫും മികച്ച ഫോമിലും ആത്മവിശ്വാസത്തിലുമാണ്. അതിനാല്‍ ഇന്നത്തെ മത്സരം മികച്ച മാര്‍ജിനില്‍ ജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മലബാറിയന്‍സ്. മത്സരം സ്റ്റാര്‍സ്‌പോര്‍ട് 3 യില്‍ തല്‍സമയ സംപ്രേക്ഷണവുമുണ്ട്.
ഇന്ന് എ.ടി.കെ കൊല്‍ക്കത്തക്കും മല്‍സരം നിര്‍ണായകമാണ്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനമാണ് പ്രധാനം. അവര്‍ക്ക് മാത്രമാണ് യോഗ്യത. നിലവില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ഇന്ന് മാലി സംഘത്തെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കാനായാല്‍ മാത്രമാണ് രക്ഷ. ആദ്യ മല്‍സരത്തില്‍ ഗോകുലത്തിന് മുന്നില്‍ 2-4ന് തകര്‍ന്നതിന്റെ ക്ഷീണത്തില്‍ നിന്നും രണ്ടാം മല്‍സരത്തില്‍ അവര്‍ കരുത്തരായി തിരികെ വന്നിരുന്നു.