സ്വന്തം ലേഖകന്‍
അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എഫ് മത്സരത്തില്‍ നാലു തവണ ചാമ്പ്യന്‍മാരായ ജപ്പാനെ തുര്‍ക്‌മെനിസ്താന്‍ വിറപ്പിച്ച് കീഴടങ്ങി. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഒടുവില്‍ 3-2 എന്ന സ്‌കോറിന് ജപ്പാന്‍ രക്ഷപ്പെടുകയായിരുന്നു. മത്സരത്തിന്റെ 26-ാം മിനിറ്റില്‍ തുര്‍ക്‌മെനിസ്താന്‍ ക്യാപ്റ്റന്‍ അര്‍സലാന്‍മുറാത് അമനോവ് തുര്‍ക്‌മെനിസ്താനെ മുന്നിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിലൂടനീളം കളത്തില്‍ മികച്ചു നിന്നത് തുര്‍ക്‌മെനിസ്താനായിരുന്നു. എന്നാല്‍ വര്‍ധിത വീര്യത്തോടെ രണ്ടാം പകുതിയില്‍ കുതിച്ചു കയറിയ സാമുറായികള്‍ യുയ ഒസാകയുടെ ഇരട്ട ഗോളില്‍ മുന്നില്‍ കേറി. 56, 60 മിനിറ്റുകളിലായിരുന്നു ഒസാകയുടെ ഗോളുകള്‍ പിറന്നത്. 2-1ന് മുന്നിലെത്തിയതോടെ കളി ജപ്പാന്‍ വരുതിയിലാക്കി. 71-ാം മിനിറ്റില്‍ ജപ്പാന്‍ വീണ്ടും ഗോള്‍ സ്‌കോര്‍ ചെയ്തു. ഇത്തവണ റിറ്റസു ദൊവാനായിരുന്നു സ്‌കോറര്‍. രണ്ട് ഗോളിന് പിന്നില്‍ നിന്നതോടെ ഉണര്‍ന്നു കളിച്ച തുര്‍ക്‌മെനിസ്താന്‍ എട്ടു മിനിറ്റിനകം ഫലം കണ്ടു. 79-ാം മിനിറ്റില്‍ അഹമ്മദ് അതയേവിലൂടെ തുര്‍ക്‌മെനിസ്താന്‍ രണ്ടാം ഗോള്‍ നേടി. 1988ല്‍ എ.എഫ്.സി കപ്പ് ആരംഭിച്ചതിന് ശേഷം ഒരിക്കല്‍ മാത്രമാണ് ജപ്പാന്‍ ഗ്രൂപ്പ് ഘട്ടം കടക്കുന്നതില്‍ പരാജയപ്പെട്ടിട്ടുള്ളത്. മറ്റൊരു മത്സരത്തില്‍ ഒമാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഉസ്ബകിസ്താന്‍ കീഴടക്കി. അക്മദോവ്, ഷൊമുറോദോവ് എന്നിവര്‍ ഉസ്ബകിസ്താനു വേണ്ടി ഗോള്‍ നേടിയപ്പോള്‍ മുഹ്‌സീന്‍ അല്‍ ഗസാനിയിലൂടെയാണ് ഒമാന്‍ ഏക ഗോള്‍ നേടിയത്.