വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസുമായി ബന്ധപ്പെട്ട് തന്നെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് മകന്‍ അഫാന്‍ തന്നെയാണെന്ന മൊഴി ആവര്‍ത്തിച്ച് മാതാവ് ഷെമി. കഴിഞ്ഞ ദിവസം വൈകിട്ട് മൊഴിയെടുത്ത പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷിനെയാണ് ഷെമി ഇക്കാര്യം അറിയിച്ചത്. കട്ടിലില്‍നിന്നു വീണാണു പരുക്കേറ്റതെന്നു തുടക്കത്തില്‍ നല്‍കിയ മൊഴി പിന്നീട് തിരുത്തി പറയുകയായിരുന്നു.
ആ മൊഴിയില്‍തന്നെ അവര്‍ ഉറച്ചുനില്‍ക്കുന്നത് കേസിനു ബലം പകരുമെന്നു പൊലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. വെഞ്ഞാറമൂട് കുറ്റിമൂട് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുനരധിവാസ കേന്ദ്രത്തിലാണ് ഷെമിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടം പൊലീസിന്റെ നിരീക്ഷണത്തിലാണ്. സന്ദര്‍ശകര്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവദിവസം രാവിലെ മകന്‍ തന്റെ പിന്നിലൂടെ വന്ന് തന്റെ ഷാളില്‍ പിടിച്ചിട്ട് ‘ഉമ്മച്ചി എന്നോട് ക്ഷമിക്കുകയും പൊറുക്കുകയും വേണം’ എന്നു പറഞ്ഞതായി ഷെമി മൊഴി നല്‍കി. ‘ക്ഷമിച്ചു മക്കളേ’ എന്നു മറുപടി പറഞ്ഞപ്പോഴേക്കും കഴുത്തില്‍ ഷാള്‍ മുറുകുന്നതു പോലെ തോന്നിയെന്നും തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടുവെന്നും അവര്‍ വെളിപ്പെടുത്തി.
വൈദ്യപരിശോധനയ്ക്കായി ഷെമിയെ ഇന്നലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരും. അതേസമയം അഫാന്‍ വിഷം കഴിച്ചതുമായി ബന്ധപ്പെട്ടുനടന്ന രാസപരിശോധനയില്‍, ഉള്ളില്‍ച്ചെന്ന എലിവിഷത്തിന്റെ അളവ് ചെറിയ തോതില്‍ മാത്രം ആയിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.