X

അവസരവാദ രാഷ്ട്രീയത്തിന്റെ വക്താവ്; ചാടിയും മറിഞ്ഞും അജിത് പവാര്‍

മുംബൈ: എക്കാലവും അവസരവാദ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു അജിത് പവാര്‍. ചാടിയും മറിഞ്ഞും അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ ഇരുപ്പുറപ്പിക്കാന്‍ ശ്രമിച്ചവന്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകുന്നത്. ഇതില്‍ രണ്ട് തവണയും സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ച് വലിയ രാഷ്ട്രീയ അട്ടിമറിയിലൂടെ.

ഇപ്പോഴിതാ സ്വന്തം അമ്മാവനെ ചതിച്ച് പാര്‍ട്ടി പിളര്‍ത്തി പുതിയ കരുനീക്കം. എന്‍.സി.പിയുടെ ശക്തി ദുര്‍ഗമായ പൂനെയിലെ ബരാമതി മണ്ഡലത്തില്‍ നിന്ന് ഒരു തവണ ലോക്‌സഭയിലേക്കും പിന്നീട് അഞ്ചു തവണ നിയമസഭയിലേക്കും അജിത് തിരഞ്ഞെടുക്കപ്പെട്ടു. വിഖ്യാത സംവിധായകന്‍ വി ശാന്താറാമിന്റെ സഹായിയായ അന്തറാവു പവാറിന്റെ മകനായി 1959 ലാണ് അജിത്തിന്റെ ജനനം. അച്ഛന്റെ മോശം ആരോഗ്യ സ്ഥിതി കാരണം ചെറുപ്പത്തില്‍ തന്നെ പഠനം ഉപേക്ഷിക്കേണ്ടി വന്നു.
1
982 ല്‍ മുംബൈയിലെ ഒരു പഞ്ചസാര ഫാക്ടറിയിലെ ബോര്‍ഡിലേക്ക് തിരഞ്ഞെടപ്പെട്ടതോടെയാണ് അജിത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിക്കുന്നത്. അമ്മാവനും എന്‍.സി.പി പരമോന്നത നേതാവുമായ ശരത് പവാറിന്റെ ആശീര്‍വാദത്തോടെ പൂനെ ജില്ലാ സഹകരണ ബാങ്കിന്റെ ചെയര്‍മാനായി. ഈ പദവിയില്‍ 16 വര്‍ഷം ഇരുന്ന ശേഷം ബാരാമതിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നരസിംഹ റാവു സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായ അമ്മാവന്‍ ശരത് പവാറിന് വേണ്ടി അജിത് ആ സ്ഥാനം രാജിവച്ചു. പിന്നീട് ബാരാമതി മണ്ഡലത്തില്‍ നിന്ന് തന്നെ നിയമസഭയിലെത്തി. വിവിധ സര്‍ക്കാരുകളില്‍ മന്ത്രിയായി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

ആദ്യ കൂറുമാറ്റം 2019 ല്‍; അമ്മാവനെയും വഞ്ചിച്ചു

മുംബൈ: 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന- ബി.ജെ.പി സഖ്യത്തിനായിരുന്നു കൂടുതല്‍ സീറ്റ് ലഭിച്ചത്. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം കാരണം ആ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നില്ല. തുടര്‍ന്ന് ശിവസേനയും എന്‍. സി.പിയും കോണ്‍ഗ്രസും ഒന്നിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നതിനിടെയായായിരുന്നു അജിത്തിന്റെ ആദ്യ ചുവടുമാറ്റം.

സര്‍ക്കാരുണ്ടാക്കാന്‍ കാത്തിരുന്ന കോണ്‍ഗ്രസിനേയും ശിവസേനയേയും കാഴ്ചക്കാരാക്കി എന്‍സിപിയെ ഞെട്ടിച്ച് അജിത് പവാര്‍ ബിജെപിയുമായി കൂട്ടുകൂടി. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ബിജെപി നേതാവ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. എന്നാല്‍, ഭൂരിപക്ഷം തെളിയിക്കാനാകാതെ ആ സര്‍ക്കാര്‍ താഴെവീണു. ബിജെപിക്കൊപ്പം പോയ അജിത് എന്‍സിപിയിലേക്ക് തിരികെയെത്തിയതോടെ എന്‍സിപി- ശിവസേന- കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ മഹാവികാസ് അഘാഡി സഖ്യം സര്‍ക്കാര്‍ രൂപവത്കരിച്ചു. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയായിരുന്നു അന്ന് മുഖ്യമന്ത്രി. ആ സര്‍ക്കാരിലും അജിത് ഉപമുഖ്യമന്ത്രിയായി. ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ രണ്ട് പക്ഷത്തും അങ്ങനെ അദ്ദേഹം ഉപമുഖ്യമന്ത്രിയായി.
തുടര്‍ന്ന് 2022 വരെ ഈ സര്‍ക്കാര്‍ അധികാരം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത നീക്കത്തില്‍ ഒരു വിഭാഗം ശിവസേന എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നതോടെ ഉദ്ധവ് സര്‍ക്കാര്‍ രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് ശിവസേന- ബിജെപി സഖ്യം പുതിയ സര്‍ക്കാര്‍ രൂപവത്കരിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ റോളായിരുന്നു അജിത് പവാറിന്.
ഒരു വര്‍ഷത്തിനിപ്പുറം പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറുമായുള്ള പടലപ്പിണക്കം രൂക്ഷമായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചാണ് അദ്ദേഹം മറുപക്ഷത്തേക്ക് ചേക്കേറി ഉപുമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മൂന്ന് തവണയും മുന്ന് വ്യത്യസ്ത മുഖ്യമന്ത്രിമാര്‍ക്കൊപ്പമാണ് അജിത് ഉപമുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത്.

webdesk11: