X

ചാനല്‍ ബഹിഷ്‌കരണം; കൂടുതല്‍ വെളിപ്പെടുത്തലുമായി അഡ്വ. ജയശങ്കര്‍

കൊച്ചി: താനും കെഎം ഷാജഹാനുമടക്കം ചിലരെ സിപിഐഎം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും തങ്ങളുണ്ടെങ്കില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്നാണ് തീരുമാനമെന്നും രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ എ ജയശങ്കര്‍. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ നിന്ന് സിപിഐഎം പ്രതിനിധി എഎന്‍ ഷംസീര്‍ ഇറങ്ങിപോയ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടര്‍ ലൈവ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഷംസീര്‍ ഇറങ്ങി പോവുന്നതിന് മുമ്പെ, മൂന്നാഴ്ച മുമ്പ് ഒരു ദിവസം ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് എന്നെ വിനു വി ജോണ്‍ വിളിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി ജയശങ്കര്‍ പറയുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് അദ്ദേഹത്തോടേറ്റു. തുടര്‍ന്ന് ചര്‍ച്ചക്കു തൊട്ടു മുമ്പ് വിനു വി ജോണ്‍ വിളിച്ചെന്നും സിപിഎം പ്രതിനിധി എംബി രാജേഷ് വിളിച്ച കാര്യം തന്നോട് പറഞ്ഞെന്നും വിനു പറഞ്ഞു. അഡ്വ. ജയശങ്കറും കെഎം ഷാജഹാനും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി തീരുമാനമെന്ന് എംബി രാജേഷ് പറഞ്ഞെന്ന് വിനു പറഞ്ഞു. അന്ന ചര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ വിനു അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഒരു സംഭവം നടന്നിരുന്നതിനാല്‍ തനിക്ക് ഷംസീര്‍ ഇറങ്ങിപോയപ്പോള്‍ പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ലെന്നും ജയശങ്കര്‍ പറയുന്നു.

അതേ സമയം എഎ റഹീം, എസ്‌കെ സജീഷ്, ഡോ. വി ശിവദാസന്‍, ആനത്തലവട്ടം ആനന്ദന്‍, എംവി ഗോവിന്ദന്‍ മാഷ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇവരാരും തന്നെ ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ ആക്ഷേപം പറയുകയോ തടസ്സം പറയുകയോ ഒന്നും ചെയ്തിട്ടില്ല. വളരെ സൗഹാര്‍ദ്ദപരമായിരുന്നു. പിന്നെ എന്താണ് ഇവരിപ്പോള്‍ ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കുന്നതെന്ന് അറിയില്ല-ജയശങ്കര്‍ പറഞ്ഞു.

തന്നെയും ഷാജഹാനെയും മാത്രമല്ല ശ്രീജീത്ത് പണിക്കര്‍, ജോസഫ് സി മാത്യൂ എന്നിവരെയുമൊക്കെ കരിമ്പട്ടികയില്‍പെടുത്തിയിട്ടുണ്ട് എന്നാണ് വിനുവിനോട് സംസാരിച്ചതില്‍ നിന്ന് തനിക്ക് മനസിലായത്. താന്‍ ചര്‍ച്ചക്ക് പോയല്ല ഉപജീവനം കഴിക്കുന്നത്. എനിക്ക് മാന്യമായ തൊഴിലുണ്ട്, വരുമാനമുണ്ട്, ആസ്തിയുണ്ട്. വളരെ സന്തോഷം അനുഭവിച്ച് ജീവിക്കുന്ന മനുഷ്യനാണ്. ഷംസീര്‍ ചര്‍ച്ചക്ക് പങ്കെടുത്താലും പങ്കെടുത്തില്ലെങ്കിലും എനിക്ക് ഒന്നുമില്ല. അതില്‍ ഉത്കണ്ഠയുമില്ല, ആകാംക്ഷയുമില്ല, വേവലാതിയുമില്ല.’

 

web desk 1: