കൊച്ചി: കഴിഞ്ഞ ദിവസം മന്ത്രി ജി. സുധാകരന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നടത്തിയ പ്രസ്താവനയെ പരിഹസിച്ച് അഡ്വ. എ. ജയശങ്കര്‍. എം.ശിവശങ്കര്‍ വഞ്ചകനാണെന്നും സ്വാതന്ത്ര്യവും വിശ്വാസവും ദുരുപയോഗം ചെയ്തു എന്നുമായിരുന്നു മന്ത്രി ജി. സുധാകരന്റെ പ്രസ്താവന. ശിവശങ്കര്‍ ചതിയനും വഞ്ചകനുമാണെന്നും എട്ടും പൊട്ടും തിരിയാത്ത മുഖ്യമന്ത്രിയെ പറഞ്ഞുപറ്റിച്ച ദുഷ്ടനാണെന്നും പരിഹാസ രൂപത്തില്‍ ജയശങ്കര്‍ പറയുന്നു. ശിവശങ്കരനും സ്വപ്നയുമായുളള ഒരിടപാടിലും സര്‍ക്കാര്‍ പങ്കാളിയല്ലെന്നും മുഖ്യമന്ത്രിക്കു മനസറിവില്ലെന്നുമുള്ള നിലപാടിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടുള്ളതാണ് ജയശങ്കറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് കുറിപ്പ്
ചതിയന്‍.. വഞ്ചകന്‍… പരമ നീചന്‍… എട്ടും പൊട്ടും തിരിയാത്ത പാവം മുഖ്യമന്ത്രിയെ പറഞ്ഞു പറ്റിച്ച മഹാ ഖലന്‍!
ശിവശങ്കരനും സ്വപ്നയുമായുളള ഒരിടപാടിലും സര്‍ക്കാര്‍ പങ്കാളിയല്ല, മുഖ്യമന്ത്രിക്കു മനസറിവില്ല. സ്വര്‍ണക്കടത്തോ കുഴല്‍പ്പണമിടപാടോ ഇടതു മുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിട്ടുളള കാര്യങ്ങളല്ല. പാവങ്ങളുടെ പാര്‍ട്ടിക്കോ സര്‍ക്കാരിനോ മഹാനായ മുഖ്യമന്ത്രിക്കോ ഇതിന് ഉത്തരവാദിത്തമില്ല.
സഖാക്കളേ, സുഹൃത്തുക്കളേ ന്യായീകരണ തൊഴിലാളികളേ സംഘടിക്കുവിന്‍! ഈ മഹാ സത്യം ലോകമെമ്പാടും ഉദ്‌ഘോഷിക്കുവിന്‍!!