പിണറായി സര്‍ക്കാറിന്റെ ഭരണത്തിന്റെ കെടുകാര്യസ്ഥത കണ്ട് ഉമ്മന്‍ ചാണ്ടിയുടെ ഭരണം ഇതിലും എത്രയോ ഭേദമായിരുന്നു എന്ന് ജനം പറയാന്‍ തുടങ്ങിയതായി രാഷ്ട്രീയ നിരീക്ഷന്‍ അഡ്വക്കേറ്റ് എ ജയശങ്കര്‍. സംസ്ഥാന ആഭ്യന്തര വകുപ്പിനേയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ ജയശങ്കര്‍ പുകഴ്ത്തിയത്.
ലോക്കപ്പ് മരണം, ഏറ്റുമുട്ടല്‍ കൊലപാതകം, ദേശീയഗാനം പാടാത്തതുകൊണ്ട് ദേശദ്രോഹ കുറ്റം, ഉറക്കെ തുമ്മിയാല്‍ യു.എ.പി.എ തുടങ്ങി
കെ കരുണാകരന്റെ കാലത്തുപോലും കേള്‍ക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പിണറായി വിജയന്റെ ഭരണത്തില്‍ നടക്കുന്നതെന്ന് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
കേരളാ പൊലീസിന്റെ പ്രവര്‍ത്തന മികവിനെയും കൃത്യതയേയും വിമര്‍ശിക്കുന്നവരില്‍ കോണ്‍ഗ്രസുകാരും ബിജെപിക്കാരും മാത്രമല്ല മാര്‍ക്സിസ്റ്റുപാര്‍ട്ടി കേന്ദ്ര നേതാക്കള്‍ വരെയുണ്ടെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
ഇടതുസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന പോസ്റ്റ്, സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടപ്പിലാക്കിയ വിവിധ വിഷയങ്ങളെ ചോദ്യംചെയ്യുന്നതാണ്.
സര്‍ക്കാരിന്റെ കൈയില്‍ മാന്ത്രികവടിയല്ല മറിച്ച് പൊലീസിന്റെ ലാത്തി മാത്രമാണ് ആകെയുള്ളതെന്നും ജയശങ്കര്‍ പരിഹസിച്ചു. എന്നാല്‍ അതുപയോഗിക്കുമ്പോള്‍ ആരും പരിഭവിക്കരുതെന്നും പരാതി പറയരുതതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.