X

അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും നിയമനം നല്‍കാതെ കെ.എസ്.ആര്‍.ടി.സി

കെ.എസ്.ആര്‍.ടി.സിയില്‍ അഡൈ്വസ് മെമ്മോ ലഭിച്ച് പത്ത് മാസം പിന്നിട്ടിട്ടും നിയമനം നല്‍കിയിട്ടില്ലെന്ന് റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍. 4051 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമനം നല്‍കാനുള്ളത്. പലപ്രാവശ്യം വിവരമാരാഞ്ഞെങ്കിലും ചീഫ് ഓഫീസിലെ അധികൃതര്‍ കൈമലര്‍ത്തുകയാണെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11ന് സെക്രട്ടറിയേറ്റിന് മുന്നില്‍ അഡൈ്വസ് മെമ്മോയില്‍ കടലവില്‍പന നടത്താനാണ് അസോസിയേഷന്റെ തീരുമാനം.
2010 ഡിസംബര്‍ 31നാണ് റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. 9378 വേക്കന്‍സികളാണ് കെ.എസ്.ആര്‍.ടി.സി, പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നും 3808 വേക്കന്‍സികളെ ഉള്ളൂവെന്നും കെ.എസ്. ആര്‍.ടി.സി പിന്നീട് അറിയിച്ചു. അതേസമയം ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ കുറക്കാനോ തിരിച്ചെടുക്കാനോ നിയമപരമായി സാധിക്കില്ലെന്ന് കാട്ടി ആവശ്യം പി.എസ്.സി നിരാകരിച്ചു. ഇതിനിടെ 2198 താല്‍കാലിക കണ്ടക്ടര്‍മാരെ കെ.എസ്.ആര്‍.ടി.സി സ്ഥിരമായി നിയമിച്ചതായും റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു. പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവിലേക്ക് താല്‍കാലികക്കാര്‍ നിയമനം നല്‍കിയ ശേഷം ഒഴിവുകളുടെ എണ്ണത്തില്‍ തെറ്റ് പറ്റിയെന്ന് പി.എസ്.സിയെ ധരിപ്പിക്കാനായിരുന്നു നീക്കം.
തുടര്‍ന്ന് 2013 സെപ്തംബര്‍ അഞ്ചിനാണ് പി.എസ്.സി ആദ്യമായി 9300 പേര്‍ക്ക് അഡൈ്വസ് അയക്കുന്നത്. ഇതില്‍ ഹാജരാകാത്ത 4051 പേരുടെ ഒഴിവിലേക്ക് മൂന്ന് വര്‍ഷം കഴിഞ്ഞ് 2016 ഡിസംബര്‍ 31ന് 4051 പേര്‍ക്ക് കൂടി അഡൈ്വസ് അയച്ചു. നാളിതുവരെ ഇവരില്‍ ഒരാള്‍ക്ക് പോലും നിയമനം നല്‍കിയിട്ടില്ല. അഡൈ്വസ് ചെയ്ത് മൂന്ന് മാസത്തിനകം നിയമനം നല്‍കണമെന്നാണ് വ്യവസ്ഥ. ഇതെല്ലാം കാറ്റില്‍ പറത്തുകയാണ് കെ.എസ്. ആര്‍.ടി. സി, പി.എസ്.സി വഴിയുള്ള നിയമനങ്ങളെ തടയുകയും പിന്‍വാതില്‍ നിയമനം നടത്താനുമാണ് മാനേജ്‌മെന്റിന്റെ നീക്കമെന്നാണ് ആരോപണം. 4263 താല്‍ക്കാലിക കണ്ടക്ടര്‍മാരാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി. സിയിലുള്ളത്.
അഡൈ്വസ് കിട്ടിയ സാഹചര്യത്തില്‍ സ്വകാര്യ കമ്പനികളിലടക്കം ജോലി ചെയ്തിരുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നല്ലൊരു ശതമാനം രാജിവെച്ചു. എന്നാല്‍ നിയമനം അനിശ്ചിതമായി നീണ്ടതോടെ തങ്ങളുടെ ഉപജീവനവും മുട്ടിയതായി ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. നീതി ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് അസോസിയേഷന്‍ ഭാരവാഹികളായ വിജീഷ് കുമാര്‍, മനു, മനോജ്‌മോഹന്‍, റാസി, സുനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

chandrika: