കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി ചരിത്രവിജയം നേടിയെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് തിരിച്ചടി നല്‍കാനുള്ള സുവര്‍ണാവസരമായി ഉപതിരഞ്ഞെടുപ്പിനെ വോട്ടര്‍മാര്‍ കാണുന്നതിനപ്പുറം ചിട്ടയായും ഐക്യത്തോടെയുമുള്ള പ്രവര്‍ത്തനമാണ് യു.ഡി.എഫ് മണ്ഡലത്തിലുടനീളം കാഴ്ചവെച്ചത്. വോട്ടെടുപ്പിന് നാല് ദിവസം മാത്രം അവശേഷിക്കവേ പൂര്‍ണമായും ഗൃഹപാഠം ചെയ്ത സംതൃപ്തിയും ഫലപ്രാപ്തിയെ കുറിച്ചുള്ള തികഞ്ഞ പ്രതീക്ഷയുമാണ് യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പ്രകടമാകുന്നത്. ഞായറാഴ്ചയാണ് കൊട്ടിക്കലാശം.
ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ റിവിഷന്‍ നടത്താനും വിട്ടുപോയവ പൂരിപ്പിക്കാനുമായിരിക്കും ശനി, ഞായര്‍ ദിവസങ്ങള്‍ യു.ഡി.എഫ് ഉപയോഗപ്പെടുത്തുക. കൊട്ടിക്കലാശത്തോട് അടുക്കുന്തോറും മണ്ഡലത്തെ ഇളക്കിമറിച്ചുള്ള പ്രകടനവും മറ്റു പ്രചരണ പരിപാടികളുമാണ് നടന്നതെന്നതും ശ്രദ്ധേയമാണ്. 164 ബൂത്തുകളിലും പ്രചരണ രംഗത്ത് യു.ഡി.എഫ് വ്യക്തമായ ലീഡ് നേടി കഴിഞ്ഞു. ഓരോ ബൂത്തിലും ഉന്നത നേതാക്കളെ നേതൃത്വത്തിലായിരുന്നു വീടു കയറിയിറങ്ങിയുള്ള പ്രചാരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും.
കോണ്‍ഗ്രസിന്റേയും ഘടകകക്ഷികളുടേയും മുഴുവന്‍ നേതാക്കളും മണ്ഡലത്തില്‍ പ്രചരണത്തിന് എത്തിയിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ റോഡ് ഷോ പ്രചരണങ്ങള്‍ക്ക് പതിന്മടങ്ങ് ശക്തി പകരുന്നതായി മാറി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃക്കാക്കരയില്‍ രണ്ടാംതവണ എത്തുന്ന സാദിഖലി ശിഹാബ് തങ്ങളുടെ പരിപാടികള്‍ക്ക് വന്‍ ജനക്കൂട്ടമാണ് എത്തിയത്.
മുസ്‌ലിംലീഗ് എം.എല്‍. എമാരുടെ നേതൃത്വത്തില്‍ മണ്ഡലത്തെ ആറ്പ്രദേശങ്ങളാക്കി തിരിച്ച് പ്രത്യേക പ്രചരണ പ്രവര്‍ത്തനങ്ങളും നടന്നിരുന്നു. എന്‍. ശംസുദ്ദീന്‍ എം. എല്‍. എയാണ് ഈ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മണ്ഡലത്തിലെ ബഹുഭൂരിപക്ഷം വീടുകളും എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള സംഘം കയറിയിറങ്ങി. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുകയും ചെയ്തു.