സുപ്രഭാതം, സിറാജ് പത്രങ്ങളിലെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പരസ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പത്രപരസ്യം ഇടതിന്‍റെ ശൈലിക്ക് തന്നെ എതിരാണെന്ന് മുരളീധരൻ പറഞ്ഞു. ഈ വിഷയത്തിൽ എൽ.ഡി.എഫിലെ മറ്റ് കക്ഷികൾ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാറിന്‍റെ നേട്ടങ്ങളെ കുറിച്ചും സ്ഥാനാർഥിയുടെ ഗുണഗണങ്ങളെ കുറിച്ചും പറയുന്നതിൽ തെറ്റില്ല. ഒരിക്കലും ഒരു ഇടതുപക്ഷ പ്രസ്ഥാനം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് സി.പി.എം ചെയ്തതെന്നും മുരളീധരൻ വ്യക്തമാക്കി.
കോൺഗ്രസിൽ ചേർന്ന ഒരു വ്യക്തി അദ്ദേഹം മുമ്പ് സ്വീകരിച്ച രാഷ്ട്രീയ നയത്തെ ഫോക്കസ് ചെയ്ത് കൊണ്ട് വർഗീയ രീതിയിലാണ് പ്രചാരണം നടത്തിയത്. അതൊരു രാഷ്ട്രീയ പാർട്ടിക്ക് ചെയ്യാൻ കൊള്ളാവുന്ന കാര്യമല്ല.
പരസ്യത്തിൽ എൽ.ഡി.എഫ് സർക്കാറിന്‍റെ നേട്ടങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല. സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നിരുന്നില്ലെങ്കിൽ പരസ്യത്തിൽ പറയാൻ ഒന്നുമില്ലായിരുന്നുവെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.