ലണ്ടന്‍: പുതുവത്സര രാവില്‍ ബ്രിട്ടനിലെ ലിവര്‍പൂളില്‍ വന്‍ അഗ്നിബാധ. 1400 കാറുകള്‍ കത്തിയമര്‍ന്നു. ലിവര്‍പൂളിലെ ഇക്കോ അരീനക്ക് സമീപമുള്ള ബഹുനില കാര്‍പാര്‍ക്കിങ് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. 1600 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള സ്ഥലത്താണ് സംഭവം. ഒരു കാറില്‍നിന്നുള്ള തീ വളരെ പെട്ടെന്ന് മറ്റുകാറുകളിലേക്കും മറ്റുനിലയിലുണ്ടായിരുന്ന വാഹനങ്ങളിലേക്കും പടര്‍ന്നുപിടിച്ചു.
തീപടരുമ്പോള്‍ പാര്‍ക്കിന്റെ ആദ്യത്തെ നിലയില്‍ അന്താരാഷ്ട്ര കുതിര പ്രദര്‍ശനം നടക്കുന്നുണ്ടായിരുന്നു. മൂന്നാം തട്ടിലുണ്ടായിരുന്ന ലാന്‍ഡ് റോവറില്‍നിന്നാണ് തീ പടര്‍ന്നതെന്ന് ലിവര്‍പൂള്‍ മേയര്‍ അറിയിച്ചു. അഗ്നിബാധയെ തുടര്‍ന്ന് കുതിരകളെ മുഴുവന്‍ വളരെ പെട്ടെന്ന് ഇക്കോ അരീനയിലേക്ക് മാറ്റി. കുതിര പ്രദര്‍ശനം റദ്ദാക്കി. നാലു ദിവസമായി തുടര്‍ന്ന പരിപാടി ഞായറാഴ്ച വൈകുന്നേരം അവസാനിക്കാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. സമീപത്തെ ബഹുനില കെട്ടിടങ്ങളിലുണ്ടായിരുന്നവരെയും ഒഴിപ്പിച്ചിട്ടുണ്ട്. തിടുക്കത്തില്‍ ഒഴിപ്പിക്കാന്‍ ശ്രമിക്കവെ ചിലര്‍ നിസ്സാര പരിക്കുകള്‍ പറ്റിയതായി മേയര്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.