X

‘പ്രതികൂല കാലാവസ്ഥയും പുഴയുടെ ഒഴുക്കും വെല്ലുവിളി’; മുങ്ങൽ വിദഗ്ധർ ലോറിയുടെ സ്ഥാനം ഉറപ്പിക്കും’; ഡിഫൻസ് PRO

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിന് പുഴയിലെ കുത്തൊഴുക്ക് വെല്ലുവിളിയാകുമെന്ന് ഡിഫന്‍സ് പിആര്‍ഒ കമാന്‍ഡര്‍ അതുല്‍ പിള്ള. ഒഴുക്ക് കുറഞ്ഞാല്‍ ഉടന്‍ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ അടിത്തട്ടിലേക്ക് ഡൈവ് ചെയ്യുമെന്ന് അതുല്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. മുങ്ങല്‍ വിദഗ്ധര്‍ ഡൈവ് ചെയ്ത് ലോറിയുടെ സ്ഥാനം ഉറപ്പിക്കും. തിരച്ചിലിനുള്ള ഒരുക്കങ്ങള്‍ മേഖലയില്‍ പുരോഗമിക്കുകയാണെന്ന് അതുല്‍ പിള്ള വ്യക്തമാക്കി.

അതേസമയം, ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും. 12 മണിയോട് അടുപ്പിച്ച് ഈ പരിശോധന തുടങ്ങുമെന്നാണ് വിവരം. ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും. നോയിഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

അപകട സ്ഥലത്ത് നിന്ന് 20 മീറ്റർ മാറി കണ്ടെത്തിയ ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഡ്രോൺ ദൗത്യത്തിനായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ട്. ഗംഗാവാലി പുഴയുടെ തീരത്തിനും പുഴയിലെ മൺകൂനക്കും ഇടയിലായാണ് ലോറിയുള്ളത്. അർജുൻ ക്യാബിനിലുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യപരിഗണന.

webdesk14: