പാറക്കടവ്‌നാദാപുരം റൂട്ട്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് നാദാപുരത്തെ ജോലിസ്ഥലത്തേക്ക് പോവാന്‍ ജീപ്പ് നിര്‍ത്തിയിടുന്ന ഇടത്ത് എത്തിയതായിരുന്നു. അകത്ത് കയറിയിരിക്കാന്‍ കഴിയാത്ത വിധം തിരക്കാണ് ജീപ്പില്‍. ആ റൂട്ടിലാണെങ്കില്‍ വാഹന സൗകര്യവും കുറവ്. ഇരിക്കാന്‍ ഒരിഞ്ച് സ്ഥലമില്ലെന്ന് പറഞ്ഞതോടെ ഡ്രൈവര്‍ യുവാവിനോട് ജീപ്പിന് പിറകില്‍ തൂങ്ങിപ്പിടിച്ച് നിന്നോളാന്‍ പറഞ്ഞു. മലയാളത്തിലുള്ള ഡ്രൈവറുടെ പറച്ചില്‍ കേട്ട് ഹിന്ദി മാത്രമറിയുന്ന യുവാവ് വിചാരിച്ചത് ജീപ്പിന് മുകളില്‍ കയറിയിരിക്കാനാണ് ആവശ്യപ്പെട്ടതെന്നാണ്. അവരുടെ നാട്ടില്‍ ഇത്തരം യാത്രകള്‍ സര്‍വസാധാരണമായതിനാല്‍ യുവാവ് ജീപ്പിനു മുകളില്‍ കയറിയിരുന്നു. ദീര്‍ഘമായ ഒരു സുഖയാത്ര.
ഭാഷ ചതിച്ചതിന്റെ കഥയറിയാതെ നാട്ടുകാര്‍ ഈ പോക്ക് കൗതുകത്തോടെ നോക്കി നിന്നു. തിരക്കായതിനാല്‍ ഡ്രൈവര്‍ക്ക് ഈ കാര്യം ശ്രദ്ധിക്കാനും പറ്റിയില്ല. ജീപ്പെത്തുന്ന സ്ഥലങ്ങളിലെ നാട്ടുകാര്‍ ജീപ്പിനു നേരെ കൗതുകത്തോടെയുള്ള നോട്ടമെറിയുന്നുണ്ടായിരുന്നെങ്കിലും ഡ്രൈവര്‍ക്ക് കാര്യം മനസിലായില്ല. തുടര്‍ന്ന് സത്യാവസ്ഥ ഡ്രൈവര്‍ മനസ്സിലാക്കിയത് നാദാപുരത്തെത്തിയതോടെ. ഇതേപ്പറ്റി ഇതര സംസ്ഥാന തൊഴിലാളിയോട് ചോദിച്ചപ്പോഴാണ് ഭാഷ ചതിച്ചതാണെന്ന കാര്യം മനസ്സിലായത്.