ന്യൂഡല്‍ഹി: നീതിയും ന്യായവും സമൂഹത്തിന് മുന്‍പില്‍ തുറന്നു കാട്ടിയ ന്യായാധിപന്‍ ചെലമേശ്വര്‍ ഔദ്യോഗിക ജീവിതത്തോട് വിടപറയുന്നു. ഈ മാസം 22നാണ് ജസ്റ്റീസ് വിരമിക്കുക. ഇതോടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയും അദ്ദേഹം ഒഴിയും. ഔദ്യോഗിക ജീവിതത്തിലെ കര്‍ശന നിലപാടുകളും മികച്ച ന്യായ വിധികളുമാണ് എന്നും ചെലമേശ്വറിലെ വ്യത്യസ്തനാക്കിയിരുന്നത്.
സുപ്രിം കോടതി ചീഫ് ജസ്റ്റീസിനെ പരസ്യമായി വിമര്‍ശിക്കുകയും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്ത ന്യായാധിപന്മാരില്‍ ചെലമേശ്വറിന്റെ സ്ഥാനം മുന്‍പന്തിയിലായിരുന്നു. സുപ്രീം കോടതിയിലെ നടപടികളില്‍ അസംതൃപ്തനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെലമേശ്വര്‍ രംഗത്തെത്തിയത്.
ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാല് മുതിര്‍ന്ന ജഡ്ജിമാരാണ് കലാപമുയര്‍ത്തിയത്. ഇവര്‍ ചീഫ് ജസ്റ്റീസിന്റെ നിലപാടുകള്‍ സമൂഹത്തിന് മുന്‍പില്‍ തുറന്നു കാട്ടി വാര്‍ത്താ സമ്മേളനവും നടത്തി. കോടതി നടപടികളെ വിമര്‍ശിച്ചു കൊണ്ട് കോടതി നടപടികള്‍ നിറുത്തിവച്ചായിരുന്നു വാര്‍ത്താസമ്മേളനം. സംഭവിക്കാന്‍ പാടില്ലാത്തതാണ് സുപ്രീം കോടതിക്കുള്ളില്‍ നടക്കുന്നതെന്നും ഇതിനൊരവസാനം വേണമെന്നും ആവശ്യപ്പെട്ടാണ് ജഡ്ജിമാരായ ചെലമേശ്വര്‍, ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഭരണഘടനാ ബഞ്ച് അടക്കമുള്ള പല സുപ്രധാന ബഞ്ചുകളില്‍ നിന്ന് ഒഴിവാക്കി കൊണ്ടുള്ള ചീഫ് ജസ്റ്റീസിന്റെ നിലപാടുകള്‍ ഏറെ പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു. ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസ് നിരാകരിച്ചു കൊണ്ടുള്ള ഉപരാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജിയുടെ പേരിലാണ് ഒടുവില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയും ജസ്റ്റീസ് ചെലമേശറും തമ്മില്‍ ഭിന്നതയുണ്ടായത്.
ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായാണ് മുന്‍നിരയിലേക്ക് ചെലമേശ്വര്‍ ഉയര്‍ന്നത്. 2007ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസായി. ഇതേ സമയം കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ചുമതലയും വഹിച്ചു. 2011ല്‍ സുപ്രിം കോടതി ജസ്റ്റീസ് ആയി സ്ഥാന കയറ്റം ലഭിക്കുകയായിരുന്നു. മുതിര്‍ന്ന ജസ്റ്റീസുമാരുടെ പാനലില്‍ തന്നെ ഉന്നതനാണ് ചേലമേശര്‍. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നതോടെ ജന്മനാട്ടിലേക്ക് മടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. വിരമിക്കലിനു ശേഷം സര്‍ക്കാര്‍ പദവി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 22നാണ് ചെലമേശ്വര്‍ ഔദ്യോഗികമായി വിരമിക്കുക. വേനലവധിക്കായി കഴിഞ്ഞ മാസം 19ന് കോടതി അടയ്ക്കുന്നതിനാല്‍ 18നാണ് അവസാനമായി ചെലമേശര്‍ കോടതിയിലെത്തിയത്. ഈ ദിവസം ബാര്‍ അസോസിയേഷന്‍ യാത്രയയപ്പ് പരിപാടികള്‍ സംഘടിപ്പിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് ചെലമേശര്‍ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ അസൗകര്യങ്ങളാലാണ് യാത്രയയപ്പ് പരിപാടി ഒഴിവാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
നേരത്തെ ആന്ധ്ര ഹൈക്കോടതിയില്‍ നിന്ന് പിരിഞ്ഞപ്പോള്‍ നല്‍കിയ യാത്രയയപ്പും അദ്ദേഹം ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും നീതി ന്യായ വ്യവസ്ഥയില്‍ ഒട്ടേറെ ചോദ്യങ്ങളും ഒപ്പം ഉത്തരങ്ങളും മുന്നോട്ടു വെച്ചാണ് ചെലമേശ്വര്‍ പിരിയുന്നത്.