ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ തിരക്കിട്ട് പരിഗണിച്ച് ജാമ്യം അനുവദിച്ചതിനെതിരെ എതിര്‍പ്പുമായി അഭിഭാഷകര്‍. സുപ്രീംകോടതി ബാര്‍ അസോസിയേഷനാണ് അര്‍ണബിന്റെ കാര്യത്തില്‍ കോടതിയുടെ പ്രത്യേക താല്‍പര്യത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിനു കത്ത് നല്‍കിയിരുന്നു.
തങ്ങളുടെ ഹര്‍ജി പരിഗണിക്കുന്നതും കാത്ത് ആയിരങ്ങള്‍ ജയിലില്‍ കിടക്കുമ്പോള്‍ അര്‍ണബിന്റെ ഹര്‍ജി തിരഞ്ഞുപിടിച്ച് ലിസ്റ്റ് ചെയ്‌തെന്നായിരുന്നു കത്തിലെ ആരോപണം. ഹര്‍ജി അടിയന്തിരമായി ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചോയെന്നു വ്യക്തമാക്കണമെന്നും ദുഷ്യന്ത് ദവേ ആവശ്യപ്പെട്ടു.
അസാധാരണ സാഹചര്യമില്ലെന്നും അര്‍ണബിനോടും ആരോപണവിധേയരായ മറ്റു രണ്ടു പേരോടും അലിബാഗ് സെഷന്‍സ് കോടതിയെ സമീപിക്കാനുമാണ് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. ഇതിനെതിരെയാണ് അര്‍ണബ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. അതിനിടെ, അര്‍ണബ് ഗോസ്വാമിയുടെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക അറിയിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ ഫോണില്‍ വിളിച്ചതും വിവാദമായിരുന്നു.