X

ഫാസിസം സര്‍വ്വരെയും വെല്ലുവിളിക്കുന്നു

അഡ്വ. കെ.എന്‍.എ ഖാദര്‍

കാലികളുടെ വില്‍പനയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ചട്ടങ്ങള്‍ വിവിധ കാരണങ്ങളാല്‍ എതിര്‍ക്കപ്പെടേണ്ടതാണ്. അത് മുസ്‌ലിംങ്ങളെയോ ദളിതരെയോ ഇതര മാംസാഹാരികളേയോ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമെന്ന നിലയില്‍ കാണുന്നത് ബുദ്ധിയല്ല. പ്രതിഷേധത്തിന്റെ ശക്തി കുറക്കുവാനും കേന്ദ്രസര്‍ക്കാരിനെ രക്ഷപ്പെടുത്താനും മാത്രമേ അത് വഴിയൊരുക്കുകയുള്ളൂ. ധാരാളം നിയമപ്രശ്‌നങ്ങള്‍ തന്നെ ഈ ചട്ടങ്ങളുടെ വിജ്ഞാപനത്തില്‍ അന്തര്‍ലീനമാണ്. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നതിനെ തടയുന്ന 1960ലെ നിയമത്തിനുള്ള ചട്ടങ്ങളാണ് 2017 മെയ് 23ന് പ്രാബല്യത്തില്‍ വരത്തക്കരീതിയില്‍ ഈയിടെ വിജ്ഞാപനം ചെയ്തത്. 1960ന് ശേഷം ഇന്നുവരെ ഇന്ത്യയില്‍ കന്നുകാലികള്‍ ആഹാരത്തിനായി വില്‍ക്കപ്പെടുകയും അനേകലക്ഷം ആളുകള്‍ കാലികളുടെ മാംസം കഴിക്കുകയും ചെയ്ത് പോന്നിട്ടുണ്ട്. കാരണം 1960ലെ മാതൃനിയമം അതിന് അനുവാദം നല്‍കുന്നു. മൃഗങ്ങളെ പീഡിപ്പിക്കുകയോ കഠിനമായി വേദനിപ്പിക്കുകയോ ചെയ്യുന്ന നടപടികളെയാണ് നിയമം നിരോധിച്ചത്. 1960ലെ മാതൃനിയമത്തിന് ചട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ ആക്ടില്‍പറയാത്ത കാര്യങ്ങള്‍കൂടി നടപ്പിലാക്കത്തക്കരീതിയിലാണ് ഇത് കൊണ്ടുവന്നത്. ഏത് നിയമത്തിനും അനുരോധമായി മാത്രമേ ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ പാടുള്ളൂ. മാതൃനിയമം ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ ചട്ടങ്ങളില്‍ വന്നാല്‍ ചട്ടംതന്നെ അസാധുവാകുമെന്നാണ് നിയമം. അതിനാല്‍ ഇപ്പോള്‍കൊണ്ടുവന്ന ചട്ടങ്ങള്‍ അസാധുവാണ്.
ഇക്കാര്യത്തില്‍ ധാരാളം വിധികള്‍ നേരത്തെതന്നെ സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റൊന്ന് ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കെതിരായിട്ടാണ് ചട്ടംകൊണ്ടുവന്നിട്ടുള്ളത്. തൊഴില്‍ ചെയ്യാനും വ്യവസായവും വ്യാപാരവും നടത്താനുമുള്ള അവകാശങ്ങളെ പുതിയ ചട്ടങ്ങള്‍ ഹനിക്കുന്നു. ഇഷ്ടമുള്ള ആഹാരം കഴിക്കാനുള്ള അവകാശത്തെയും തടയുന്നു. ഇവയെല്ലാം മൗലികാവകാശങ്ങളുടെ കൂടി ലംഘനമാണ്. ചട്ടങ്ങളില്‍ എവിടെയും കശാപ്പ് നിരോധിച്ചതായോ ആഹാരമായി മാംസം ഉപയോഗിക്കുന്നതിനെ തടഞ്ഞതായോ നേരിട്ടുപറയാതെ ആ ലക്ഷ്യം ഗൂഢമായി സാധിക്കുംവിധമാണ് ചട്ടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ജനാധിപത്യത്തെ അടിസ്ഥാനമാക്കി രൂപീകരിച്ച ജനപ്രതിനിധി സഭകളെ മറികടന്നും സംസ്ഥാന ഗവണ്‍മെന്റുകളുടെ അധികാരത്തിന്‍മേല്‍ കയ്യേറ്റം നടത്തിയും ഏകപക്ഷീയമായാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഓരോ വര്‍ഷവും 29000 കോടി രൂപയുടെ ബീഫ് കയറ്റുമതി നടക്കുന്നുണ്ട്. ലോകത്ത് ഇന്ത്യ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ്. സുമാര്‍ 25 ലക്ഷം പേര്‍ ഇതുവഴി ജീവിച്ച് വരുന്നുണ്ട്. അത്തരം വ്യാപാരികളിലും തൊഴിലാളികളിലുമെല്ലാം ഭൂരിപക്ഷവും മുസ്‌ലിംങ്ങളല്ല, ഇതര മതസ്ഥരാണ്. എങ്കിലും ഇതൊരു വര്‍ഗ്ഗീയ പ്രശ്‌നമാക്കുകവഴി രാഷ്ട്രീയ നേട്ടം കൊയ്യാനും മതപരമായ ധ്രുവീകരണം സൃഷ്ടിച്ച് അധികാരം നിലനിര്‍ത്താനും ഭരണകക്ഷി ആഗ്രഹിക്കുന്നു. കന്നുകാലി വ്യാപാരത്തിലും കൃഷിയിലും അറവുശാലകളിലും മാംസാഹാരം കഴിക്കുന്നതിലുമെല്ലാം എല്ലാ ജാതിമതസ്ഥരും ഉണ്ട്. അവയെല്ലാം മൂടിവെച്ച് ഒരു സമുദായത്തെ പ്രകോപിതരാക്കി നിര്‍ത്താനും അതുവഴി മറുപക്ഷത്തിന്റെ വിശ്വാസം ആര്‍ജ്ജിക്കുവാനും സംഘ്പരിവാര്‍ ശക്തികള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോള്‍ അതിനെ സഹായിക്കുമാറ് അന്തരീക്ഷത്തെ കൊഴുപ്പിക്കുവാനും കലുഷിതമാക്കുവാനും മുസ്‌ലിംങ്ങള്‍ ഉള്‍പ്പെടെ ഒരു മതസ്ഥരും അവസരം സൃഷ്ടിക്കരുത്. എല്ലാ മതേതരകക്ഷികളും അവയുടെ നേതാക്കളും ജനപ്രതിനിധികളും സഭകളും കൃഷിക്കാരും തൊഴിലാളികളും വ്യാപാരികളും ഒന്നടങ്കം നടത്തുന്ന പ്രക്ഷോഭസമരങ്ങളോടൊപ്പം ചേരുന്നത് മാത്രമാണ് ഫലപ്രദമാവുക. സമാധാനപരമായും നിയമ വ്യവസ്ഥകള്‍ക്ക് കീഴ്‌പ്പെട്ടും അത് നടത്തുന്നതാണ് ശരി.
സവര്‍ണ്ണര്‍ മുമ്പ് മാംസാഹാരം കഴിച്ചിരുന്നവരാണെന്ന് ചരിത്രം പറയുന്നു. മുസ്‌ലിംങ്ങള്‍ക്കാകട്ടെ ബീഫ് നിര്‍ബന്ധമായും കഴിക്കേണ്ടുന്ന ഒരു ആഹാരവുമല്ല. മൃഗബലി പോലുള്ള വിഷയങ്ങള്‍ മിക്കമതസ്ഥരും നടത്തിവരാറുള്ള ഒരു ആചാരമാണ്. അത് നിരോധിക്കുന്നത് ശരിയല്ലാത്ത നടപടി തന്നെയാണ്. മൃഗങ്ങള്‍ എന്ന പട്ടികയില്‍ പശുവും കാളയും പോത്തും ഒട്ടകവും മാത്രമല്ല ഉള്‍ക്കൊള്ളുന്നത്. പുതിയ ചട്ടങ്ങള്‍ മറ്റു ജീവജാലങ്ങളെ തന്ത്രപരമായി മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ജീവജാലങ്ങളോട് ക്രൂരതപാടില്ലെന്ന വ്യവസ്ഥ എല്ലാ മതഗ്രന്ഥങ്ങളിലും കാണപ്പെടുന്നതും പ്രവാചകന്‍മാര്‍ ഉയര്‍ത്തിപ്പിടിച്ചതുമായ നന്മയാണ്. എല്ലായിനങ്ങളിലുംപെട്ട പക്ഷി മൃഗാദികളോട്ക്രൂരതപാടില്ല. വൃക്ഷലതാദികളോട് പോലും അങ്ങിനെ ചെയ്യുന്നത് വിലക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരോട് അത് ഒട്ടും പാടില്ലാത്തതാണ്. കൊല്ലുന്നതും തിന്നുന്നതും മാത്രമല്ല ക്രൂരത. ആഹാരം നിഷേധിക്കുന്നതും അവകാശങ്ങള്‍ ഹനിക്കുന്നതും സ്വാതന്ത്ര്യം നിഷേധിക്കുന്നതും ആ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും മുസ്‌ലിംങ്ങളും ഇതരമതസ്ഥരുമെല്ലാം പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് നാളിതുവരെ കഴിഞ്ഞത്. അങ്ങിനെ മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ. ബഹുസ്വരതയും ജനാധിപത്യവും നമ്മുടെ സമൂഹത്തിന്റെ ജീവവായുവാണ്. അധികാരരാഷ്ട്രീയത്തിനുവേണ്ടി ജനങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തുന്ന നടപടി ശരിയായ രാജ്യദ്രോഹമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ അംഗങ്ങളോ അനുഭാവികളോ അല്ലാത്തവരാണ് ഇന്ത്യയിലെ കോടാനുകോടി മനുഷ്യര്‍. അവരാണ് എല്ലാ രാഷ്ട്രീയ തിന്‍മകളും സഹിക്കേണ്ടിവരുന്നത്. അവരെ വിസ്മരിച്ചുകൊണ്ടാണ് ഇപ്പോള്‍ ഭരിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നത്. വന്‍കിട ഫാമുകള്‍ നിര്‍മ്മിച്ച് വന്‍തോതില്‍ കന്നുകാലികളെ കശാപ്പുചെയ്ത് ഇന്ത്യയിലും പുറത്തും വിറ്റഴിച്ച് സമ്പത്ത് കുന്നുകൂട്ടുവാന്‍ അദാനിയും അംബാനിയും ഇതര കുത്തകകളും വലിയ ഒരുക്കങ്ങള്‍ നടത്തിവരുകയാണ്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി അവരുടെ ബീഫ് ഉള്‍പ്പെടെയുള്ള മാംസ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം ചെയ്തു കൊടുക്കുന്നു. ഇത്തരം സാമ്പത്തിക താല്‍പര്യങ്ങളും ഈ ചട്ടങ്ങളുടെ നിര്‍മ്മാണത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. കശാപ്പും മാംസ ഉപഭോഗവും ഒരിക്കലും അവസാനിപ്പിക്കുവാന്‍ സാധ്യമല്ല.
അവയെല്ലാം സാധാരണക്കാരായ അനേകലക്ഷം കൃഷിക്കാരുടെയും വ്യാപാരികളുടെയും കയ്യില്‍ നിന്ന് പിടിച്ച് പറിച്ച് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഏല്‍പ്പിച്ച് കൊടുക്കലാണ് ഇത്തരം നിയമനിര്‍മ്മാണങ്ങളുടെ ആത്യന്തികലക്ഷ്യം. ഹൈന്ദവ വേദഗ്രന്ഥങ്ങള്‍പോലും മാംസം ആഹരിക്കരുതെന്ന് പറഞ്ഞിട്ടുള്ളതായി അറിവില്ല. ഇന്ത്യയില്‍ ഇപ്പോള്‍ സംഘ്പരിവാര്‍ കെട്ടഴിച്ച് വിട്ടുകൊണ്ടിരിക്കുന്ന വര്‍ഗ്ഗീയതയും ഏകാധിപത്യവും മറ്റും ജനദ്രോഹ നടപടികളുമെല്ലാം കൃത്യമായ ഒരു രാഷ്ട്രീയ അജണ്ടകൂടിയാണ്. ഹൈന്ദവസംസ്‌കാരത്തിന്റെ സംരക്ഷണമോ ഹൈന്ദവരുടെ മികച്ച ജീവിതമോ ഒരിക്കലും ഭരിക്കുന്നവരുടെ മനസ്സില്‍ ഇല്ലതാനും. അവയെല്ലാം അധികാരത്തിലെത്താനും അത് നിലനിര്‍ത്താനും ഉദ്ദേശിച്ചുള്ള കുതന്ത്രങ്ങള്‍ മാത്രമാണ്. നല്ലവരായ കോടാനുകോടി ഹിന്ദുക്കളും മുസ്‌ലിംങ്ങളും ക്രൈസ്തവരും മറ്റുമതക്കാരുമെല്ലാം ഇവിടെ വെറും കാഴ്ചക്കാര്‍ മാത്രമാണ്. അവര്‍ തമ്മില്‍ ഒരു തര്‍ക്കവുമില്ല. അവരുടെ സമാധാനവും സന്തോഷവും ഐക്യവും ഏതുവിധത്തിലും തകര്‍ക്കുവാന്‍ ഒരുകൂട്ടര്‍ ഭരണാധികാരത്തിന്റെ പിന്തുണയോടെ നടത്തുന്ന നികൃഷ്ടമായ നടപടികളാണ് ഇവയെല്ലാം. ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും ബഹുസ്വരതയും ജനതയുടെ ഉല്‍കൃഷ്ടമായ പരസ്പര ബന്ധങ്ങളും നിലനിര്‍ത്തുവാന്‍ എല്ലാ മനുഷ്യസ്‌നേഹികളും മതേതരശക്തികളും കൂട്ടായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ലീഗും തൃണമൂല്‍ കോണ്‍ഗ്രസ്സും, ബി.എസ്.പിയും, എസ്.പിയും ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന മതേതരരാഷ്ട്രീയ കക്ഷികള്‍ ഒന്നുചേര്‍ന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കുക മാത്രമാണ് ഫാസിസത്തെ പ്രതിരോധിക്കുവാനുള്ള ഏകവഴി.
കേരളത്തില്‍ പിണറായി സര്‍ക്കാരും ബംഗാളില്‍ മമതാ സര്‍ക്കാരുമൊക്കെ ഈ വിഷയത്തില്‍ സ്വീകരിക്കുന്ന ധീരമായ നിലപാടുകളെ സകലരും പിന്തുണക്കുകയാണ് വേണ്ടത്. സോണിയാ ഗാന്ധിയുള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ഇയ്യിടെ ദല്‍ഹിയില്‍ സംഘടിപ്പിച്ച വിവിധ രാഷ്ട്രീയപാര്‍ട്ടിപ്രതിനിധികളുടെയും നേതാക്കളുടെയും കൂട്ടായ്മ പ്രത്യാശ നല്‍കുന്നതാണ്.

chandrika: