X
    Categories: MoreViews

പ്രകാശ് കാരാട്ടും പിണറായിയും മോദിയുടെ പൊളിറ്റിക്കല്‍ ഏജന്റുമാര്‍: അഡ്വ.ടി സിദ്ദീഖ്

ദോഹ: വരാനിരിക്കുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതരരെ ഏകോപിപ്പിച്ച് കോണ്‍ഗ്രസ്സ് നടത്തുന്ന മുന്നേറ്റത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന പ്രകാശ് കാരാട്ട് -പിണറായി ടീമിന്റെ സമീപനം ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളോട് കാണിക്കുന്ന രാഷ്ട്രീയ വഞ്ചനയാണെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു.

ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ബി.ജെ.പിക്കെതിരെ പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് മുന്നണി രൂപീകരിക്കാനുള്ള സി.പി.എം ശ്രമം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള വിശാല മുന്നണിയെ ദുര്‍ബലപ്പെടുത്താനാണെന്നും ഇതിലൂടെ പ്രകാശ് കാരാട്ടും പിണറായി വിജയനും നരേന്ദ്ര മോദിയുടെ പൊളിറ്റിക്കല്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണെന്നും ടി സിദ്ദീഖ് പറഞ്ഞു.

മതേതര ജനാധിപത്യമൂല്യങ്ങളെ ചവിട്ടിമെതിച്ച് മുന്നേറുന്ന മോദി-അമിത്ഷാ കൂട്ടുകെട്ടിനെതിരെ ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികള്‍ കൈകോര്‍ത്ത് തുടങ്ങിയെന്നും ഈ സഖ്യത്തിന്റെ നായകന്‍ രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഐ.സി.സി അശോക ഹാളില്‍ നടന്ന ജില്ലാ സമ്മേളനം ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ജോണ്‍ ഗില്‍ബെര്‍ട്ട് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് അന്‍വര്‍ സാദത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കോഴിക്കോട് ഡി.സി.സി ജനറല്‍ സെക്രട്ടറി ശശിധരന്‍ കരമ്പനപ്പാലം, ഒ.ഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി കെ.കെ ഉസ്മാന്‍, ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പുറായില്‍, ഗ്ലോബല്‍ കമ്മിറ്റി അംഗം അഡ്വ. സുനില്‍കുമാര്‍, കരീം നടക്കല്‍, ആഷിഖ് അഹ്മദ്, കുഞ്ഞമ്മദ് കൂരാളി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കോഴിക്കോട് ജില്ലാ ജനറല്‍സെക്രട്ടറി ബഷീര്‍തുവാരിക്കല്‍ സ്വാഗതവും ട്രഷറര്‍ അശ്‌റഫ് വടകര നന്ദിയും പറഞ്ഞു.

ഡിസിസി പ്രസിഡന്റെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനത്തിന് എഐസിസിയുടെ പ്രത്യേക അംഗീകാരവും രാഹുല്‍ഗാന്ധിയുടെ പ്രശംസയും പിടിച്ചുപറ്റിയ ടി. സിദ്ദീഖിനെ കെ.കെ ഉസ്മാന്‍ പൊന്നാട അണിയിച്ചു. ഡി.സി സി ജനറല്‍സെക്രട്ടറി ശശിധരന്‍ കരമ്പനപ്പാലത്തിനുള്ള ഉപഹാരം സിദ്ദീഖ് പുറായില്‍ നല്‍കി.

chandrika: