X

അഡ്വ. എം.കെ സക്കീര്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനാകും

പി.എസ്.സി മുന്‍ ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ വഖഫ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനാകും. സക്കീറിനെ വഖഫ് ബോര്‍ഡ് അംഗമാക്കി നിയമിച്ച് ഉത്തരവിറങ്ങി. ടി.കെ. ഹംസ രാജിവെച്ച ഒഴിവിലാണ് നിയമനം. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കും. 2016ലാണ് സക്കീര്‍ പി.എസ്.സി ചെയര്‍മാനായി നിയമിക്കപ്പെട്ടത്. പൊന്നാനി പെരുമ്പടപ്പ് സ്വദേശിയാണ്. പെരുമ്പടപ്പ് സ്വരൂപത്തില്‍ പരേതരായ ബാവക്കുട്ടിസാറു ദമ്പതികളുടെ മകനാണ് സക്കീര്‍. അധ്യാപികയായ ലിസിയാണു ഭാര്യ. മക്കള്‍: നികിത, അജീസ്.

മുംബൈ ഗവ. ലോ കോളജില്‍നിന്ന് എല്‍.എല്‍.ബി ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. 1990ല്‍ തൃശൂര്‍ ബാറില്‍ അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ചു. 2006-11 കാലയളവില്‍ തൃശൂര്‍ കോടതിയില്‍ ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറുമായും പ്രവര്‍ത്തിച്ചു. ആഗസ്റ്റ് ഒന്നിനാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ടി.കെ ഹംസ രാജിവച്ചത്. ഒന്നര വര്‍ഷം കാലാവധി ബാക്കിനില്‍ക്കെയായിരുന്നു രാജി. മന്ത്രി വി. അബ്ദുറഹ്മാനുമായുള്ള അഭിപ്രായ ഭിന്നതയാണു രാജിയില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍, പ്രായാധിക്യം മൂലമാണ് പദവി ഒഴിയുന്നതെന്നാണ് ടി.കെ ഹംസ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. മന്ത്രി അബ്ദുറഹ്മാനും ടി.കെ ഹംസയും തമ്മില്‍ ഏറെനാളായി അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. മന്ത്രിതല യോഗങ്ങളില്‍ ടി.കെ ഹംസ പങ്കെടുക്കാത്തത് വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിനുപിന്നാലെയാണ് പാര്‍ട്ടി നിര്‍ദേശപ്രകാരം ഹംസ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതെന്നാണ് അറിയുന്നത്.

webdesk13: