X
    Categories: Culture

കോട്ടയം കുടമാറ്റവും എല്‍.ഡി.എഫിലെ വെടിക്കെട്ടും

 

തള്ളക്കോഴിയുടെ ചിറകുനല്‍കുന്ന സംരക്ഷണത്തില്‍നിന്നും കുതറിമാറി ഒറ്റക്ക് നില്‍ക്കുന്ന കോഴിക്കുഞ്ഞിനെ ഏത് പരുന്തും എപ്പോഴും റാഞ്ചിക്കൊണ്ടു പോകുന്നത് സ്വാഭാവികം മാത്രം. കോഴിക്കുഞ്ഞുപോലും തന്നെയാരെങ്കിലും റാഞ്ചിയിരുന്നെങ്കിലെന്ന് മോഹിക്കുക കൂടി ചെയ്താല്‍ പിന്നെ വല്ലതും പറയാനുണ്ടോ?. ”കോഴി തന്റെ ചിറകിന്‍കീഴില്‍ കുഞ്ഞുങ്ങളെ ചേര്‍ക്കുംപോലെ നിന്റെ മക്കളെ ചേര്‍ത്ത് കൊള്‍വാന്‍ എനിക്കെത്രവട്ടം മനസ്സായിരുന്നു. പക്ഷേ നിനക്കോ മനസ്സായില്ല. നിന്റെ ആത്മാവ് ശൂന്യമായി”യെന്ന് യേശു ജറുസലേം നഗരവാസികളെയോര്‍ത്ത് പരിതപിച്ചിട്ടുണ്ട്. ബൈബിള്‍ വചനങ്ങളില്‍ അത് കാണാം. ഇതൊന്നും മാണിസാറിന് അറിയാത്തതല്ലല്ലോ. ഒറ്റക്ക് നിന്നാലിതുതാന്‍ ഗതി.
യു.ഡി.എഫ് വിട്ട് സ്വതന്ത്രമായി നില്‍ക്കുന്ന ഒരു പാര്‍ട്ടിയായിരുന്നു കേരളാ കോണ്‍ഗ്രസ്സ് മാണി വിഭാഗം. മറ്റൊരു മുന്നണിയിലും പോകാതെ ആ നില്‍പ്പ് നില്‍ക്കുമ്പോഴും ആ പാര്‍ട്ടിയും മുന്നണിയും തിരിച്ചുവരുമെന്ന് യു.ഡു.എഫും, അതല്ല കാലക്രമത്തില്‍ എല്‍.ഡി.എഫിനോട് ചേരുമെന്ന് അവരും, എന്‍.ഡി.എ സഖ്യത്തോട് ചേര്‍ന്നേക്കാമെന്ന് ബി.ജെ.പിയും പ്രതീക്ഷിച്ചിരുന്നു. ഇതിലേതാണോ ലാഭകരവും സൗകര്യപ്രദമാകുന്നതും അത് സ്വീകരിക്കാമെന്ന് മാണിസാറും കരുതിയിരുന്നു. അതിനിടയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് അവര്‍ ഒറ്റക്ക് മത്സരിച്ച് സി.പി.എം പിന്തുണയോടെ ജയിച്ചിരിക്കുന്നു. അതിനിത്ര കോലാഹലമെന്തിനെന്നാണ് മനസ്സിലാവാത്തത്. അതുവെറും പ്രാദേശിക വിഷയമാണെന്നും സംസ്ഥാന നേതൃത്വം ആ പ്രാദേശിക നേതാക്കളുടെ തീരുമാനം അംഗീകരിക്കുക മാത്രമേ ചെയ്തുള്ളൂവെന്നുമാണ് മാണി പറയുന്നത്. തങ്ങള്‍ ഇടതുപക്ഷത്തേക്ക് പോയിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ അവരും കേരളാ കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്ത് സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എമ്മും അവരെ യെന്നല്ല ആരെയും പുതുതായി ഇടതുപക്ഷത്ത് ചേര്‍ക്കുകയില്ലെന്ന് സി.പി.ഐയും പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഇതില്‍ കൂടുതലെന്ത് വേണം. മാണിയും മറ്റും പ്രാദേശികമെന്ന് വിശദീകരിക്കുമ്പോഴും അത് ദേശീയ – സംസ്ഥാനതലത്തിലാണെന്ന് ആരോപിച്ചുകൊണ്ട് ആ പാര്‍ട്ടിയെ ഏത് വിധേനയും ഇടത്തോട്ട് ആട്ടിയോടിക്കുന്നത് നല്ലതാണോ? ഈ പരീക്ഷണം പരാജയപ്പെട്ടാല്‍ സൗകര്യപ്രദമായി തിരിച്ചുവരാന്‍ ഒരു ഇടം കാത്തു സൂക്ഷിക്കുന്നതില്‍ എന്താണ് തെറ്റ്?
ഈ കൂടുമാറ്റവും കൂറുമാറ്റവും വാദപ്രതിവാദങ്ങളും കാരണം എന്തായാലും ആ പാര്‍ട്ടി വേണ്ടത്ര ക്ഷീണിക്കുമല്ലോ. രാഷ്ട്രീയരംഗത്ത് നിലയും വിലയും നഷ്ടപ്പെട്ട് നില്‍ക്കക്കള്ളിയില്ലാതെ യു.ഡി.എഫില്‍ വരികയാണെങ്കില്‍ ചെറിയ വിലകൊടുത്തുകൊണ്ട് സ്വീകരിക്കുവാന്‍ യു.ഡി.എഫിന് കഴിയുമല്ലോ. അതല്ലേ ബുദ്ധി. ഇപ്പോള്‍ നാല് ചീത്തവിളിക്കുന്നതുകൊണ്ട് ആര്‍ക്കാണ് ലാഭം? രാഷ്ട്രീയത്തിലെ മൂല്യനിലവാരം ഇന്നത്തെ ഇന്ത്യയില്‍ അത്ര ഉയര്‍ന്ന് നില്‍ക്കുന്നതൊന്നുമല്ലല്ലോ. വേറെയും ചില സ്ഥലങ്ങളിലെ തദ്ദേശസ്ഥാപനങ്ങളില്‍ പ്രാദേശികമായി ഒറ്റപ്പെട്ട സംഭവങ്ങള്‍ മുന്നണിക്കും പുറത്തും യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇപ്പോഴുമുണ്ടല്ലോ. അതെല്ലാം അവസാനിപ്പിക്കുവാന്‍ വൈകിയില്ലേ?
ഈ കുടമാറ്റം കാഴ്ചക്ക് നല്ലതായി തോന്നുന്നവരുമുണ്ടല്ലോ. ഇടതുമുന്നണിയില്‍ പാതി പ്രവേശിച്ച് കുടുങ്ങിക്കിടക്കുമ്പോള്‍ ആ മുന്നണിയില്‍ ഒരു കലാപമുണ്ടാക്കാന്‍ മാണിയുടെ ഈ തീരുമാനത്തിന് കഴിഞ്ഞാല്‍ അത് യു.ഡി.എഫിന് നല്ലതല്ലേ. മാണി ചെല്ലുന്ന മുന്നണിയിലെ പൊട്ടലും ചീറ്റലും ഈ പൂരക്കാലത്ത് സ്വാഗതാര്‍ഹമല്ലേ. രാഷ്ട്രീയത്തില്‍ ഒരു വാതിലും എന്നന്നേക്കുമായി ആരും കൊട്ടിയടക്കാറില്ല. ആകര്‍ഷണീയമായ ഓഫറുകളുമായി ഏത് സീസണുകളിലും രാഷ്ട്രീയവാതിലുകള്‍ തുറന്നുവെക്കുകയാണ് പതിവ്. ഇനി ഒരു ദിവസംമാത്രം എന്നൊക്കെ വെറുതെ പറയുന്നതല്ലേ. രാഷ്ട്രീയ മൂല്യനിരാസം അപലപനീയം തന്നെയാണ്. മൂല്യാധിഷ്ഠിത രാഷ്ട്രീയം അനിവാര്യവുമാണ്. ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. മൂല്യങ്ങളെ വിലമതിക്കുവാനും രാഷ്ട്രീയം ഉള്‍പ്പെടെയുള്ള ജീവിതത്തിന്റെ നിഖിലമേഖലകളിലും അത് വിലമതിക്കാനാവാത്തതാണ്. ഇവിടെ മിക്കവാറും പാര്‍ട്ടികളെല്ലാം വത്യസ്ത മുന്നണികള്‍ വത്യസ്ത കാലഘട്ടങ്ങളില്‍ വത്യസ്ത കാരണങ്ങളാല്‍ പരീക്ഷിച്ചിട്ടുള്ളവരാണ്. അവരവരുടെ നിലനില്‍പ്പും രാഷ്ട്രീയലാഭവും നോക്കി രാഷ്ട്രീയരംഗത്ത് ഉണ്ടാവുന്ന മാറ്റങ്ങള്‍ക്കും കൂട്ടുകെട്ടുകള്‍ക്കും താത്വികവും മൂല്യാധിഷ്ഠിതവുമായ ഒരു അടിത്തറയില്ലാതെ വരുന്നതാണ് പ്രശ്‌നം.
മാണി ഇപ്പുറത്ത് നില്‍ക്കുമ്പോള്‍, ഇടതുപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഉണ്ടാക്കിയ മുറിവ് പച്ചയായിത്തന്നെ കേരളാ കോണ്‍ഗ്രസ്സിന്‌മേല്‍ നില്‍ക്കുമ്പോള്‍, ഇത്തരം ഒരു ബന്ധമുണ്ടാക്കുന്നതിന്റെ അസാംഗത്യമായിരിക്കാം ഈ വാദങ്ങള്‍ക്ക് കാരണം. മതിയായ കാരണങ്ങളില്ലാത്ത മാറ്റങ്ങള്‍ എപ്പോഴും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമല്ലോ. യു.ഡി.എഫ് വിട്ടുപോയി സ്വതന്ത്രരായി നിന്നതോടെ ആ പാര്‍ട്ടിക്ക് മറ്റൊരു നിലപാട് സ്വീകരിക്കാന്‍ എളുപ്പമായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആത്മസംയമനം പാലിക്കുന്നതാണ് ഇരുമുന്നണികള്‍ക്കും മാണിക്കും ഒരുപോലെ നല്ലത്. കാര്യങ്ങള്‍ പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ല. ഇനിയും കാത്തിരിക്കേണ്ടതായിവരും. അതിന് വേണ്ടത്ര സമയവുമുണ്ട്. ഇടതുപക്ഷം വളരെവേഗം കേരളാകോണ്‍ഗ്രസ്സിനെ മുന്നണിയില്‍ ചേര്‍ക്കാന്‍ സാധ്യതയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അടുത്തുവരുമ്പോള്‍ മാത്രമേ അന്തിമതീരുമാനം ഉണ്ടാകുകയുള്ളൂ. തങ്ങള്‍ ഇടതുമുന്നണിയിലേക്ക് പോയി എന്നുപറയാന്‍ മാണിക്കോ മുന്നണിയോടൊപ്പം അവരെ ചേര്‍ത്തുവെന്ന് പറയാന്‍ ഇടതുമുന്നണിക്കോ ഇപ്പോള്‍ ധൈര്യമായിട്ടില്ല. അത് അത്രപെട്ടെന്ന് സാധ്യമാവുകയില്ല. മാണിയുടെ കേരളാ കോണ്‍ഗ്രസ്സിലും ഇടതുമുന്നണിയിലും പൊട്ടിതെറികള്‍ക്കുള്ള സാധ്യതകള്‍ ഉരുണ്ടുകൂടുകയാണ്. അതിന്റെ ഗതിവിഗതികള്‍ക്ക് കാത്തിരിക്കുകയാണ് രാഷ്ട്രീയ ഔചിത്യവും പക്വതയും ഒന്നും ബാക്കിവെക്കാതെ മാണിയെയും മകനേയും ആ പാര്‍ട്ടിയേയും എന്നെന്നേക്കുമായി ആട്ടിയകറ്റരുത്. യു.ഡി.എഫിലെ വരും തലമുറകള്‍ക്കെങ്കിലും മാണിയുടെ പാര്‍ട്ടി പ്രയോജനപ്പെട്ടെന്ന് വരാം. അതെല്ലാം രാഷ്ട്രീയത്തില്‍ വെറും സ്വാഭാവിക പ്രതിഭാസങ്ങള്‍ മാത്രമാണ്. അതുകൊണ്ട് പറയുമ്പോള്‍ കുറച്ച് ബാക്കിവെച്ചേക്കണം. മാണിയുടെ കോട്ടയം തീരുമാനം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത് ആ പാര്‍ട്ടിയിലും എല്‍.ഡി.എഫിലുമാണ്. അത് യു.ഡി.എഫിന് ഗുണകരമാണ്. പിന്നെന്തിന് ആകാശത്ത്കൂടെ പറന്നുപോകുന്ന മാറാപ്പ് എന്തിന് പിടിക്കണം. സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങളിലും ചില പുതിയ സാധ്യതകള്‍ അന്തര്‍ലീനമാണ്. അത് പ്രയോജനപ്പെടുത്താന്‍ യു.ഡി.എഫ് ശാന്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണം.
പിണറായിയുടെ പൊലീസിനും ഭരണത്തിനും പറ്റിയ വീഴ്ചയെക്കാള്‍ വലിയ വീഴ്ചയാണിപ്പോള്‍ അവര്‍ക്ക് പറ്റിയിട്ടുള്ളത്. മാണിയുടെ പാര്‍ട്ടി മത്സരിച്ചിട്ടേയുള്ളൂ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ വോട്ട് ചെയ്തത് എല്‍.ഡി.എഫാണ്. കാര്യങ്ങള്‍ നന്നായി ചര്‍ച്ച ചെയ്യുന്ന സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി മുതല്‍ പോളിറ്റ്ബ്യൂറോ വരെ മാണിവിഷയം പുകയാന്‍ തുടങ്ങുകയാണെന്ന് മറക്കേണ്ട. കേരളാ കോണ്‍ഗ്രസ്സിലെ പുക ചെറുതായെങ്കിലും അതിനെ അതിജീവിക്കുവാന്‍ ആ പാര്‍ട്ടിക്ക് വലിയ ത്യാഗം വേണ്ടിവരും. ഇതെല്ലാം യു.ഡി.എഫ് അനുകൂല ഘടകങ്ങളാണ്. പിന്നെന്തിന് വേവലാതിപ്പെടണം. മാണിയും കൂട്ടരും പോയിട്ട് ഒരുപാട് നാളായില്ലേ. ഇപ്പോഴെന്തിനീ ബഹളമെന്ന് സംശയം തോന്നുന്നു. യു.ഡി.എഫ് നേതൃത്വം ആദ്യപ്രതികരണങ്ങള്‍ക്ക് ശേഷം വസ്തുതകള്‍ ശാന്തമായി വിലയിരുത്തുവാനും സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാനും മുന്നോട്ടുവരികയാണ് വേണ്ടത്.

chandrika: