കേരളത്തിന്റെ ക്യാമ്പസ് രാഷ്ട്രീയത്തിന് പ്രതിഭാ സ്പര്‍ശം പകര്‍ന്ന വിദ്യാര്‍ത്ഥി നേതാവും മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷ(എംഎസ്എഫ്)നെ സംഘടിത ശക്തിയാക്കി മാറ്റിയ ധിഷണാശാലിയായ സാരഥിയുമായ അഡ്വ. പി ഹബീബ് റഹ്മാന്റെ ( 1953 – 1990 ) വിയോഗത്തിന് ഇന്ന് 29 വര്‍ഷം.
ചെറിയ കാലത്തിനുള്ളില്‍ വലിയ കാര്യങ്ങള്‍ ചെയ്ത് ഒരിക്കലും മരിക്കാതെ നില നില്‍ക്കുകയാണ് അഡ്വ. പി ഹബീബ് റഹ്മാന്‍. തുച്ഛമായ മുപ്പത്തേഴ് വര്‍ഷം കൊണ്ട് ഹബീബ് മുസ്ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനും മുസ്ലിം സമുദായത്തിനും വേണ്ടി കഴിയാവുന്നതെല്ലാം ചെയ്തു.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ ഒരു സാധാരണ കുടുംബത്തിലായിരുന്നു ഹബീബ് റഹ്മാന്റെ ജനനം. ചെറു പ്രായത്തില്‍ തന്നെ തളിപ്പറമ്പ താലൂക്ക് എം.എസ്.എഫ്. ജനറല്‍ സെക്രട്ടരി പദം അദ്ദേഹത്തെ തേടിയെത്തി. ഈ കമ്മിറ്റിയുടെ പ്രസിഡണ്ട് എന്റെ നാട്ടുകാരനും, ഖത്തര്‍ കെ.എം.സി.സി. നേതാവും പത്ര പ്രവര്‍ത്തകനും ഇപ്പോള്‍ രാമന്തളി ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ടുമായ ജന: കക്കുളത്ത് അബ്ദുല്‍ ഖാദര്‍ സാഹിബും, ട്രഷറര്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടരി ജന: പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് എം.പി.യുമായിരുന്നു.
1978 ലാണ് അദ്ദേഹം എം.എസ്.എഫിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടരിയാവുന്നത് 1979 ല്‍ അദ്ദേഹം സംസ്ഥാന പ്രസിഡണ്ട് പദവിയിലുമെത്തി. വിദ്യാര്‍ത്ഥിത്വത്തിന്റെ മഹിമയും വിദ്യാഭ്യാസത്തിന്റെ മഹത്വവും വിശിഷ്യാ മുസ്ലിം വിദ്യാര്‍ത്ഥികളെ സദാ ഉദ്‌ബോധിപ്പിച്ച മഹാനായ സി.എച്ച്. മുഹമ്മദ് കോയ സാഹിബ്, കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തിയ വര്‍ഷം കൂടിയായിരുന്നു അത്.
എം.എസ്.എഫിന്റെ എക്കാലത്തെയും പ്രവര്‍ത്തന പാതയില്‍ സുവര്‍ണ്ണ ഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന കാലമായിരുന്നു അത്. വശ്യമായ വാഗ്‌ധോരണിയോ കേമമായ പ്രസംഗങ്ങളോ ഒന്നുമായിരുന്നില്ല അദ്ദേഹത്തിന്റെ സവിശേഷത. കൃത്യവും പക്വവുമായ സംഘടനാ കരു നീക്കങ്ങളും, അസാമാന്യ നയ തന്ത്രജ്ഞതയും അദ്ദേഹത്തിന് കൈമുതലായുണ്ടായിരുന്നു.
ഹബീബ് റഹ്മാന്‍ സാഹിബിന്റെ മുന്നിലുള്ള പാത ദുര്‍ഘടമായിരുന്നു. എങ്കിലും വെട്ടിപ്പിടിച്ചു. എം.എസ്.എഫ്. എന്ന് പറയുന്നത് ഒരു കുറച്ചിലായി കണ്ടിരുന്നവരിലും, എം.എസ്.എഫ്. കാരെ പരിഹസിച്ചിരുന്നവരിലും എം.എസ്.എഫിനെ ഒരു വികാരമായി കൊണ്ടു വരാന്‍ ഹബീബ് സാഹിബിന് സാധിച്ചു.
കേരളത്തിലെ പ്രധാന കലാലയങ്ങളിലെല്ലാം സംഘടക്ക് വേരോട്ടമുണ്ടാക്കാന്‍ സാധിച്ചു. സര്‍വ്വകലാശാലാ ഭരണ സാരഥ്യത്തിലേക്ക് എം.എസ്.എഫുകാരെ എത്തിക്കുന്നതിലും അദ്ദേഹത്തിന്റെ ദീര്‍ഗ്ഗ ദര്‍ശനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി എന്നതും വിസ്മരിക്കാന്‍ പറ്റുന്നതല്ല.
കോഴിക്കോട് എം. ഇ.എസ്. ഹൊസ്റ്റലിലെ 102-ാം നമ്പര്‍ മുറിയിലൊരുക്കിയ ‘സെക്രട്ടറിയേറ്റി’ ല്‍ ഇരുന്ന് കൊണ്ടാണ് ഹബീബ് റഹ്മാന്‍ ഒരു കാലത്തെ കേരള മുസ്ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഗതി വിഗതികളെ നിയന്ത്രിച്ചിരുന്നത് എന്നാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയ രംഗത്തെ അതിനിർണ്ണായകമായ ഒരു കാലഘട്ടത്തിൽ തനിക്കും എം.എസ്.എഫിനും അതിന്റേതായ ഒരിടം അടയാളപ്പെടുത്തിയാണ് ഹബീബ് വിടവാങ്ങിയത്.
മുന്നണി രാഷ്ട്രീയമെന്ന ജാലവിദ്യയിലൂടെ 1978 ല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു എം.എസ്.എഫുകാരനെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിച്ച ഹബീബ്, ന്യൂനപക്ഷ സമുദായക്കാരന് ഉന്നതവിദ്യാഭ്യാസം പോലും വിദൂരതയിലായ കാലത്ത് യൂണിവേഴ്‌സിറ്റി യൂണിയനുകളുടെയും സെനറ്റുകളുടെയും അക്കാദമിക്ക് കൗണ്‍സിലുകളുടെയുമൊക്കെ അമരത്തേക്ക് എംഎസ്എഫുകാരെ കൈപിടിച്ചു കൊണ്ടുപോവുകയായിരുന്നു പ്രിയപ്പെട്ട ഹബീബ്.